Join News @ Iritty Whats App Group

സിബിഎസ്ഇക്കാർക്ക് പുസ്തകം തുറന്നുവച്ച് പരീക്ഷ എഴുതാം; 9ാം ക്ലാസിൽ ഓപ്പൺ ബുക്ക് എക്സാമിന് അംഗീകാരം നൽകിയതായി റിപ്പോർട്ട്


ദില്ലി: ഒൻപതാം ക്ലാസ്സിൽ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അംഗീകാരം നൽകിയതായി റിപ്പോർട്ട്. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) തീരുമാനിച്ചെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ 2023, ദേശീയ വിദ്യഭ്യാസ നയം 2020 എന്നിവ പ്രകാരം മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങൾ മനസ്സിലാക്കി ജീവിത സാഹചര്യങ്ങളിൽ പ്രയോഗിക്കുക എന്നതാണ് ലക്ഷ്യം.


ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ അനുവദിക്കും. വിമർശനാത്മക ചിന്ത വളർത്താനും ആശയങ്ങൾ യഥാർത്ഥ ലോകത്ത് പ്രയോഗിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളിൽ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനുമാണിത്.

2023ൽ സിബിഎസ്ഇ പാഠ്യപദ്ധതി സമിതി ഈ ആശയം ആദ്യമായി വിലയിരുത്തിയിരുന്നു. ഇതിന്റെ പ്രായോഗികത വിലയിരുത്തുന്നതിനായി ബോർഡ് തെരഞ്ഞെടുത്ത സ്കൂളുകളിൽ പൈലറ്റ് പ്രോജക്റ്റ് നടത്തി. 9, 10 ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും, 11, 12 ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാണ് പരീക്ഷിച്ചത്. പല വിദ്യാർത്ഥികൾക്കും റെഫറൻസ് മെറ്റീരിയലുകൾ ഫലപ്രദമായി ഉപയോഗിക്കാനും വിവിധ വിഷയങ്ങളെ ബന്ധിപ്പിക്കുന്ന ആശയങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞില്ല. എങ്കിലും ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഈ സംവിധാനത്തിന്റെ സാധ്യതകൾ അധ്യാപകർ മുന്നിൽക്കണ്ടു.


സുഗമമായ നടത്തിപ്പിന് സിബിഎസ്ഇ ഓപ്പൺ-ബുക്ക് പരീക്ഷകൾക്കായി വിശദമായ ചട്ടക്കൂട്, മാർഗനിർദേശങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ നൽകും. തുടക്കത്തിൽ, ഈ മൂല്യനിർണയം എല്ലാ സ്കൂളുകൾക്കും നിർബന്ധമാക്കാൻ സാധ്യതയില്ല, സ്കൂളുകൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്യം നൽകും.


സിബിഎസ്ഇ ഇങ്ങനെയൊരു സമീപനം പരീക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. 2014-15 ലും 2016-17 ലും ഇടയിൽ, 9, 11 ക്ലാസ്സുകൾക്കായി ഓപ്പൺ ടെക്സ്റ്റ് പരീക്ഷ നടത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇത് പിന്നീട് നിർത്തലാക്കുകയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group