Join News @ Iritty Whats App Group

'നിരവധി പേർക്ക് വോട്ടവകാശം നഷ്ടമാകും'; ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

പറ്റ്ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്നും മഹുവ മൊയ്ത്ര ഹരജിയിൽ ആവശ്യപ്പെട്ടു.

തിരിച്ചറിയലിനായി ജനന സർട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയാണ് വിവാദമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടിക പരിഷ്കരണ നടപടിയിലൂടെ 3 കോടി പേർക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു.

ബിഹാറിൽ നിന്നും ബംഗാളിൽ നിന്നും നിരവധി പേർ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്. അവരിൽനിരവധി പേർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. ഇതിനെ മറികടക്കാനാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നാണ് വിശദീകരണം.

ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്കരണത്തിന് കമ്മീഷന്‍ തുടക്കമിട്ടത്. സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ എന്ന പേരില്‍ 2003 ല്‍ ഭേദഗതി വരുത്തിയ പട്ടികയാണ് പരിഷ്കരിക്കുന്നത്. പട്ടികയിലുള്ള 1987 ന് മുന്‍പ് ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കറ്റാണ് ഔദ്യോഗിക രേഖയായി നല്‍കേണ്ടത്. ശേഷം ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കറ്റിന് പുറമെ രക്ഷിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റും, അവര്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെങ്കില്‍ പാസ്പോര്‍ട്ടോ വിസയുടെയോ പകര്‍പ്പ് കൂടി ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍ ബിഹാറിലെ സാമൂഹിക സാഹചര്യത്തില്‍ താഴേക്കിടയിലുള്ളവര്‍ക്ക് ഈ രേഖകളില്‍ പലതും അപ്രാപ്യമാണെന്നും, 8 കോടി വോട്ടര്‍മാരില്‍ മൂന്ന് കോടി പേരെങ്കിലും വോട്ടര്‍ പട്ടികക്ക് പുറത്ത് പോകാനാണ് സാധ്യതയെന്നും ഇന്ത്യ സഖ്യം ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ആണ് മുന്‍പ് നിശ്ചയിച്ചിരുന്ന ആധികാരിക രേഖ. അതൊന്നും പരിഗണിക്കാതെ ജനന സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുന്നതിന് പിന്നില്‍ പൗരത്വ രജിസ്ട്രി തയ്യാറാക്കാനുള്ള പിന്‍വാതില്‍ നടപടിയെന്നാണ് വിമര്‍ശനം. പിന്നാലെയാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group