ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. എയർ ഇന്ത്യ വിമാനം വൈകി. വിമാനത്തിൽ നിന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എഐ2414 വിമാനമാണ് ജൂലൈ 4ന് പുലർച്ചെയാണ് അസാധാരണ സംഭവങ്ങൾ നടന്നത്. ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് അടിയന്തര സാഹചര്യം നേരിട്ടത്. നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ് പൈലറ്റ്. വിമാനം പറത്തേണ്ട ചുമതലയുണ്ടായിരുന്ന പൈലറ്റ് ടെക്നിക്കൽ ലോഗ് ബുക്ക് ഒപ്പിടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.
പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സഹപൈലറ്റാണ് വിമാനം ദില്ലിയിലേക്ക് പറത്തിയത്. മെഡിക്കൽ എമർജൻസി മൂലം സർവ്വീസിൽ താമസം വന്നതായാണ് എയർ ഇന്ത്യ പിന്നീട് പ്രസ്താവനയിൽ വിശദമാക്കിയത്. പ്രധാന പരിഗണന പൈലറ്റിന്റെ ആരോഗ്യത്തിനാണെന്നും എയർ ഇന്ത്യ വക്താവ് വിശദമാക്കി. ഉടൻ തന്നെ പൈലറ്റ് സുഖം പ്രാപിക്കട്ടെയെന്നും എയർ ഇന്ത്യ വക്താവ് വിശദമാക്കിയത്. 90 മിനിറ്റ് വൈകിയാണ് വിമാനം യാത്ര പുറപ്പെട്ടത്. എയർ ഇന്ത്യയുടെ പൈലറ്റുമാരുടെ റോസ്റ്റർ സംവിധാനത്തിനെതിരായി രൂക്ഷ വിമർശനം ഉയരാൻ സംഭവം കാരണമായിട്ടുണ്ട്.
Post a Comment