Join News @ Iritty Whats App Group

മൂന്ന് വർഷം തടവും പിഴയും; ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ കർണാടക സർക്കാർ

ബെംഗളൂരു: ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ കർണാടക സർക്കാർ തീരുമാനിച്ചു. ജൂൺ നാലിന് ബെംഗളൂരുവിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗം കരട് ബിൽ ചർച്ചയ്ക്കെടുത്തു. നിയമ ലംഘനങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 5000 രൂപ പിഴയുമാണ് കരട് ബിൽ നിർദേശിക്കുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ റാലികൾ, മറ്റ് പരിപാടികൾ എന്നിവയ്ക്ക് നിയമം ബാധകമായിരിക്കും. അതേസമയം രഥോത്സവങ്ങൾ, പല്ലക്കി ഘോഷയാത്രകൾ, ഉറൂസ് പോലുള്ള മതപരമായ ആഘോഷങ്ങളെയും ഒത്തുചേരലുകളെയും ബിൽ ഒഴിവാക്കിയിട്ടുണ്ട്.

കർണാടക ജനക്കൂട്ട നിയന്ത്രണ ബിൽ പ്രകാരം പൊലീസ് ഉത്തരവുകൾ അനുസരിക്കാത്തതോ നിയമം ലംഘിക്കുന്നതോ ആയ ആർക്കും തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കും. പൊലീസ് അനുമതിയില്ലാതെ പരിപാടികൾ നടത്തുകയോ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ കർശനമായ ശിക്ഷ അനുഭവിക്കേണ്ടിവരും.

ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ല. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകൾ പരിഗണിക്കുക. അടുത്ത മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകിയേക്കും.

ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെയാണ് തിക്കും തിരക്കും കാരണം ദുരന്തമുണ്ടായത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മാർക്കറ്റിംഗ് മേധാവിയെയും ഇവന്റ് ഓർഗനൈസറായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്കിലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.</p>

Post a Comment

Previous Post Next Post
Join Our Whats App Group