Join News @ Iritty Whats App Group

തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ

മലപ്പുറം: തിരൂരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീർത്തന (24), രണ്ടാം ഭർത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തിൽ കുമാർ (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

തിരൂർ കോട്ട് സ്‌കൂളിന് പിറകുവശത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ദമ്പതികൾ ഒമ്പതു മാസം പ്രായമുള്ള പെൺകുട്ടിയെ ഒന്നരലക്ഷം രൂപക്ക് വിൽപന നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾക്കാണ് വിൽപന നടത്തിയത്. തിരൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെംബർ രാജേഷ് പുതുക്കാടിന്റെ മുന്നിൽ ഹാജരാക്കി.

ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ മലപ്പുറം ശിശുസംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശുപരിപാലന കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു. അയൽക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ചോദിച്ചത്. മാതാപിതാക്കളോട് ചോദിച്ചപ്പോൾ മാതാപിതാക്കൾ വ്യക്തമായ ഉത്തരം നൽകിയില്ല. അതോടെ അയൽക്കാരാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്.

പൊലീസെത്തി അന്വേഷിച്ചപ്പോഴും ഇവർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന വിവരം ഇവർ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളർത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്. കുഞ്ഞിൻറെ അമ്മയായ കീർത്തനയുടെ ആദ്യ ഭർത്താവിലെ കുട്ടിയാണിത്.

Post a Comment

Previous Post Next Post
Join Our Whats App Group