ദില്ലി:രാജ്യത്തിന്റെ ആയുധ ശേഷി വർധിപ്പിക്കുന്നതിനായി ധനുഷ് ടോവ്ഡ് ഗൺ സിസ്റ്റങ്ങളുടെ മൂന്നാം റെജിമെന്റ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യ. ധനുഷിന്റെ രണ്ടാം റെജിമെന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും, മൂന്നാം യൂണിറ്റിനുള്ള കുറച്ചെണ്ണം ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ധനുഷിന്റെ ഓരോ റെജിമെന്റ് യൂണിറ്റുകളിലും 18 ഗൺ സിസ്റ്റങ്ങളാണ് ഉൾപ്പെടുന്നത്. 2019 ൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഓർഡനൻസ് ഫാക്ടറി ബോർഡായിരുന്ന AWEILന്റെ അനുമതി നേടിയതോടെ ധനുഷ് പീരങ്കികളുടെ വൻതോതിലുള്ള ഉൽപ്പാദനമാണ് നടക്കുന്നത്. 1,260 കോടി രൂപയുടെ കരാറാണിത്.
2026 മാർച്ചിനുള്ളിൽ ധനുഷ് 155-എംഎം/45 കാലിബർ ടോവ്ഡ് ഹോവിറ്റ്‌സർ എത്തിക്കണമെന്നായിരുന്നു കരാർ. ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (AWEIL) ആണ് ഇതിന്റെ നിർമാതാക്കാൾ. എന്നാൽ എല്ലാ കരാർ പ്രകാരമുള്ള എല്ലാ സിസ്റ്റങ്ങളും കൃത്യസമയത്ത് ലഭിക്കാൻ സാധ്യത കുറവാണെന്നും വൃത്തങ്ങൾ പറഞ്ഞു. 2026 ആകുമ്പോഴേക്കും ഇന്ത്യൻ സൈന്യത്തിന് കൈമാറേണ്ടിയിരുന്ന 114 ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റങ്ങളും ലഭിക്കാൻ സാധ്യതയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസബിൾ ഇംഗ്ലീഷ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ലഭിക്കാനുള്ള 114 തോക്കുകളിൽ, 6 എണ്ണമടങ്ങുന്ന ആദ്യ ബാച്ച് 2019 ഏപ്രിൽ 8 ന് ഔദ്യോഗികമായി സൈന്യം ഏറ്റുവാങ്ങിയിരുന്നു. 2022 മുതൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ സാങ്കേതിക തടസങ്ങളാണ് ഈ തോക്കിന്റെ വിതരണം വൈകുന്നതിലെ പ്രധാന കാരണമെന്നും റിപ്പോർട്ടുണ്ട്.
ധനുഷ് ഹൊവിറ്റ്സർ
ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ദീർഘദൂര പീരങ്കിയാണ് ധനുഷ് 155എംഎം/45 കാലിബർ ടോവ്ഡ് ഗൺ സിസ്റ്റം. 'ബോഫോഴ്‌സ്' 155-എംഎം/39 കാലിബറിന്റെ പുതുക്കിയ വേർഷനാണിത്. 36-38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള ഈ സിസ്റ്റത്തിന് മികച്ച ഫയർ റേറ്റുമുണ്ട്. ധനുഷിന് വരുന്ന വില ഏകദേശം 14 കോടി രൂപയാണ്. ലോകമെമ്പാടുമുള്ള നിരവധി സൈന്യങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക ആയുധ സംവിധാനങ്ങളുമായും താരതമ്യപ്പെടുത്താവുന്ന ഒന്നാണ് ധനുഷ്.
എല്ലാ ഭൂപ്രദേശങ്ങളിലും ധനുഷ് ഉപയോഗിക്കാനാകും. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്), ഗൺ റെക്കോർഡിംഗ്, ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, ഓൺബോർഡ് ബാലിസ്റ്റിക് കമ്പ്യൂട്ടേഷനുകൾക്കായുള്ള ടാക്റ്റിക്കൽ കമ്പ്യൂട്ടർ, ഓൺബോർഡ് മസിൽ വെലോസിറ്റി റെക്കോർഡിംഗ് എന്നിവയും ധനുഷിനെ മികവുറ്റതാക്കുന്നു. ക്യാമറ, തെർമൽ ഇമേജിംഗ്, ലേസർ റേഞ്ച് ഫൈൻഡർ എന്നിവയുള്ള ഒരു ഓട്ടോമേറ്റഡ് ഗൺ സൈറ്റിംഗ് സിസ്റ്റവും ധനുഷിലുണ്ട്. എത്ര ദുഷ്കരമായ ഭൂപ്രകൃതിയിലെത്തിക്കാനും, പകലും രാത്രിയും ശത്രു സ്ഥാനങ്ങൾ ലക്ഷ്യമിടാനും ധനുഷ് സജ്ജമാണ്.
Post a Comment