കണ്ണൂർ: കായലോട് സംഭവത്തിൽ എസ് ഡി പി ഐക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്ത്. കായലോട് നടന്നത് എസ് ഡി പി ഐയുടെ സദാചാര ഗുണ്ടാ വിളയാട്ടമാണെന്നാണ് കെ കെ രാഗേഷ് അഭിപ്രായപ്പെട്ടത്. യുവതിയെയും സുഹൃത്തിനെയും എസ് ഡി പി ഐക്കാർ വിചാരണ നടത്തി, അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയെ അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. റസീനയുടെ സുഹൃത്ത് സി പി എം പ്രവർത്തകൻ ആണെന്ന് എസ് ഡി പി ഐ പ്രചരിപ്പിക്കുന്നു. അവരുടേത് ഗീബൽസിയൻ തന്ത്രമാണെന്നും സി പി എം ജില്ലാ സെക്രട്ടറി വിമർശിച്ചു. താലിബാൻ പതിപ്പ് നടപ്പാക്കാനുള്ള ശ്രമമാണ് എസ് ഡി പി ഐ നടത്തിയതെന്നും കെ കെ രാഗേഷ് അഭിപ്രായപ്പെട്ടു.
റസീനയുടേത് കൊലപാതകമാണെന്നും എസ് ഡി പി ഐക്കാർ അവരെ അപമാനിച്ച് കൊലപെടുത്തിയതാണെന്നും സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിനെതിരെയും കെ കെ രാഗേഷ് വിമർശനം അഴിച്ചുവിട്ടു. മതരാഷ്ട്രവാദികളെ യു ഡി എഫ് ഒപ്പം കൂട്ടിയതാണ് താലിബാൻ മോഡൽ നടപ്പാക്കാൻ കാരണം. എന്തുകൊണ്ടാണ് വിഷയത്തിൽ കോൺഗ്രസ് ഇതുവരെയും പ്രതികരിക്കാത്തതെന്നും രാഗേഷ് ചോദിച്ചു. കുടുംബത്തെ ഉപയോഗിച്ച് യുവതിയെ വീണ്ടും അപമാനിക്കാൻ ശ്രമം നടക്കുകയാണെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
അതിനിടെ കായലോട് സംഭവത്തിൽ ആൾകൂട്ട ആക്രമണത്തിന് ഇരയായെന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. സംസാരിച്ചിരിക്കെ കാറിൽ നിന്ന് പിടിച്ചിറക്കി ഇവർ മർദ്ദിച്ചു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മയ്യിൽ സ്വദേശിയായ യുവാവ് പൊലീസിന് മൊഴി നൽകി. സാമ്പത്തികമായി ചൂഷണം ചെയ്തെന്ന റസീനയുടെ ബന്ധുക്കളുടെ ആരോപണം റഹീസ് നിഷേധിച്ചു. ഇന്ന് രാവിലെയാണ് റഹീസ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്നും യുവാവ് വെളിപ്പെടുത്തി. യുവാവിന്റെ പരാതിയിൽ പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തലശ്ശേരി എ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
യുവതിയുമായി മൂന്നരവർഷത്തെ പരിചയമുണ്ടെന്നും പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നുമാണ് യുവാവ് എഴുതി നൽകിയ മൊഴിലുള്ളത്. യാതൊരു വിധത്തിലുളള സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും യുവാവിന്റെ മൊഴിയിലുണ്ട്. യുവാവിനെതിരെ ഗുരുതര ആരോപണമാണ് റസീനയുടെ കുടുംബം ഉന്നയിച്ചിരുന്നത്. പണവും സ്വർണവും തട്ടിയെടുത്തെന്നാണ് ആരോപണം. യുവാവ് റസീനയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമായിരുന്നു കുടുംബം ആരോപണമുന്നയിച്ചത്. എന്നാൽ ഇക്കാര്യം പാടെ നിഷേധിക്കുകയാണ് യുവാവ്. റസീനയും താനും സംസാരിച്ചു നിൽക്കുന്നതിനിടെ ഇവിടേക്ക് എത്തിയ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും തന്നെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തെന്ന് റഹീസ് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം റസീനയെ ബന്ധുക്കൾക്കൊപ്പം വിടുകയും യുവാവിനെ എസ് ഡി പി ഐ ഓഫീസിലേക്ക് എത്തിക്കുകയുമായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ തങ്ങൾ സംസാരിച്ചിരിക്കെ ഒരു സംഘം ആളുകളെത്തി ഭീഷണിപ്പെടുത്തിയെന്നും മൊബൈൽ തട്ടിപ്പറിച്ചെന്നും റസീനയും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. താൻ ജീവനൊടുക്കാനുള്ള കാരണമിതാണെന്നും യുവതി വിവരിച്ചിരുന്നു. യുവാവിന്റെ മൊബൈൽ ഫോൺ പ്രതികളുടെ കയ്യിൽ നിന്നാണ് പൊലീസിന് ലഭിക്കുന്നത്. ഇത് പിടിച്ചുവെച്ചത് എന്തിനാണെന്നും ഓഫീസിൽ എന്താണ് സംഭവിച്ചതെന്നും യുവാവിനെ മർദ്ദിച്ചോയെന്നും ഉൾപ്പെടയുളള കാര്യങ്ങളാണ് മൊഴിയെടുപ്പിലുള്ളത്. പ്രതികൾക്കെതിരെ മറ്റ് വകുപ്പുകൾ ചുമത്തുമോ എന്ന കാര്യവും വിശദമായ മൊഴിയെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂ. നിലവിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ.
Post a Comment