Join News @ Iritty Whats App Group

‘പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും’; സിന്ധൂ നദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

സിന്ധൂനദീജല കരാര്‍ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകള്‍ ലംഘിച്ച പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അമിത് ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രആഭ്യന്തര മന്ത്രി കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഭീകരാക്രമണത്തില്‍ കശ്മീരിലെ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സിന്ധു നദീതട സംവിധാനത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്ന 1960 ലെ കരാറില്‍ ഇന്ത്യ പങ്കാളിത്തം നിര്‍ത്തിവെച്ചു. ഈ ഉടമ്പടി ഇന്ത്യയില്‍ ഉത്ഭവിക്കുന്ന മൂന്ന് നദികളില്‍ നിന്ന് പാകിസ്ഥാനിലെ 80 ശതമാനം ജനങ്ങള്‍ക്കും കൃഷിയ്ക്ക് ആവശ്യമായതടക്കം ജല ലഭ്യത ഉറപ്പുനല്‍കിയിരുന്നു. ഇതാണ് പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ റദ്ദാക്കിയത്. കരാര്‍ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് ഇപ്പോള്‍ അമിത് ഷാ ആവര്‍ത്തിക്കുന്നു.

അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്, അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ അത് ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല,

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കുമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിച്ചിരുന്ന വെള്ളം തുടര്‍ന്ന് ലഭിക്കാതെ പാകിസ്ഥാന്‍ വലയുമെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിലെ സമാധാനം തകര്‍ക്കാനും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച തടയാനും കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണ് പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ നടന്നതെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ എന്ത് ചെയ്യാന്‍ തയ്യാറായാലും ഒട്ടും വൈകാതെ അതിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്. 1960-ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താന്‍ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഭീകരതയ്ക്കെതിരായ ശക്തമായ നയതന്ത്ര നടപടിയായിരുന്നു ഇന്ത്യയുടെ ഈ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group