Join News @ Iritty Whats App Group

ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്, 3 പേർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഎച്ച്എസ്‍സി വിഭാഗത്തിൽ പുതുതായെത്തിയ വിദ്യാർഥികളും സീനിയർ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.


പ്ലസ് വണ്ണിന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികളോട് സീനിയേഴ്സ് പേര് ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇവർ പേര് പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാർഥികൾ തട്ടിക്കയറിയത്. ആദ്യം ഉന്തും തള്ളും ഉണ്ടായി. കൂടുതൽ കുട്ടികൾ എത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പത്തോളം വരുന്ന സീനിയർ വിദ്യാർഥികൾ പുതുതായി എത്തിയവരെ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.ഇതിൽ അമീൻ, ഷിഫാൻ, മുനീർ എന്നീ വിദ്യാർഥികൾക്ക് കാര്യമായി പരിക്കേറ്റു. കണ്ണിനും തലയ്ക്കും ശരീരത്തിലും അടിയേറ്റതായി വിദ്യാർഥികൾ പറയുന്നു. സംഭവത്തിന് പിന്നാലെ സീനിയർ വിദ്യാർഥികളായ ഏഴ് പേരെ സ്കൂൾ സസ്പെൻഡ് ചെയ്തു. നഗരൂർ പൊലീസിലും അക്രമത്തിനിരായ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റ, പിടിഎ, രക്ഷകർത്താക്കൾ എന്നിവർ തുടർ നടപടികൾ ആലോചിക്കുകയാണ്. അതേസമയം സ്കൂളിൽ മുമ്പ് സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നും സമീപവാസികളായ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group