Join News @ Iritty Whats App Group

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല: സിദ്ധരാമയ്യ


RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group