Join News @ Iritty Whats App Group

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; അമ്മയുടെ നിർണായക മൊഴി പുറത്ത്,ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തി


കൊച്ചി: നാലു വയസുകാരി മകളെ പുഴയിൽ എറിഞ്ഞു കൊന്നത് ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, താൻ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. അതേസമയം, ചോദ്യം ചെയ്യൽ ഇന്നും തുടരും. 

കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞ് മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തി. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്.  

കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ഒരു തവണ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു. തെളിവുകൾ നിരത്തിയോടെ ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞാണ് പ്രതി പൊട്ടിക്കരഞ്ഞത്. കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. 

പോക്‌സോ കേസിൽ ബലാത്സംഗം, അടുത്ത ബന്ധുവിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേർക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധനയും പൂർത്തിയാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group