Join News @ Iritty Whats App Group

ഇന്നുമുതല്‍ മഴ ശക്തമാകും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകും. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ മാസം ഇരുപത്തിയാറാം തീയതി വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇനി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം പ്രതീക്ഷിക്കാം. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. 

ശരാശരിയെക്കാള്‍ അധികം മഴ ഇത്തവണ കേരളത്തില്‍ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കന്യാകുമാരി മേഖല, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കാലവര്‍ഷം വ്യാപിച്ചു കഴിഞ്ഞു. ഇനി കുറഞ്ഞ ദിവസംകൊണ്ട് കേരളത്തില്‍ കാലവര്‍ഷം എത്തും.


കഴിഞ്ഞവര്‍ഷം കേരളത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ അളവ് ശരാശരിയിലും കുറവായിരുന്നു. പതിവുപോലെ മഴ കൂടുതല്‍ ലഭിച്ചത് വടക്കന്‍ ജില്ലകളിലായിരുന്നു. മഴ കൂടുതല്‍ പ്രതീക്ഷിച്ചിരുന്ന ഇടുക്കിയില്‍ അടക്കം ലഭിച്ചത് ശരാശരിയിലും കുറവ് മഴ.പൊതുവെ തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷക്കാലത്ത് മഴ കുറവായിരിക്കും എന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കൂടുതല്‍ മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവും അതിന്റെ സഞ്ചാരവും കാലവര്‍ഷത്തെ കാര്യമായി സ്വാധീനിക്കുന്നുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group