Join News @ Iritty Whats App Group

അമ്മ പണവുമായി വന്നപ്പോൾ മകനില്ല; കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം മകനെ ജാമ്യമായി ചോദിച്ച തൊഴിലുടമ പിടിയിൽ

തിരുപ്പതി: കടം വാങ്ങിയ 25,000 രൂപയ്ക്ക് ജാമ്യമായി വിധവയുടെ മകനെ പിടിച്ചുവെച്ച് തൊഴിലുടമ. പണവുമായി തിരികെ വന്ന് മകനെ ചോദിച്ചപ്പോൾ മരിച്ചുപോയെന്നും മൃതദേഹം സംസ്കരിച്ചെന്നും മറുപടി. കേസും പരാതിയും ആയപ്പോൾ പൊലീസ് അന്വേഷിച്ച് കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണിപ്പോൾ.

ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ നടന്നത്. ആദിവാസി സമുദായത്തിൽപ്പെട്ട അനകമ്മയും ഭർത്താവ് ചെഞ്ചയയ്യും അവരുടെ മൂന്ന് മക്കളും ഒരു താറാവ് ക‍ർഷന് വേണ്ടി ഒരു വർഷം ജോലി ചെയ്തിരുന്നു. ഭർത്താവ് മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങിയപ്പോൾ തൊഴിലുടമ തടഞ്ഞു. മരിച്ചുപോയ ഭർത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനൊക്കില്ലെന്നും പറഞ്ഞും. സ്ത്രീയെയും മൂന്ന് മക്കളെയും ദീർഘസമയം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിച്ചു. കൂലി കൂട്ടി ചോദിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനൊടുവിലാണ് തനിക്ക് പോയേ തീരൂ എന്ന് ഇവർ തൊഴിലുടമയെ അറിയിച്ചത്. 

അപ്പോഴാണ് വിചിത്രമായ ആവശ്യം തൊഴിലുടമ മുന്നോട്ടുവെച്ചത്. കടം വാങ്ങിയ 25,000 രൂപയ്ക്ക് പുറമെ പലിശയായി 20,000 രൂപ കൂടി കൂട്ടിച്ചേർത്ത് 45,000 രൂപ നൽകാതെ പോകാനൊക്കില്ലെന്ന് ഇയാൾ പറഞ്ഞു. ഇതിന് പത്ത് ദിവസത്തെ സമയം ചോദിച്ചപ്പോൾ ജാമ്യമായി ഒരു മകനെ ജോലി ചെയ്യാൻ അവിടെ നിർത്തണമെന്നായി ആവശ്യം . മറ്റ് വഴിയില്ലാതെ അത് അംഗീകരിച്ചു. അനകമ്മ ഇടയ്ക്ക് മകനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. തന്നെ ജോലി ചെയ്യിച്ച് കഷ്ടപ്പെടുത്തുകയായിരുന്നു എന്ന് അന്ന് മകൻ പറഞ്ഞിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായി. ഒടുവിൽ പണം സംഘടിപ്പിച്ച് തൊഴിലുടമയെ ഫോണിൽ വിളിച്ചപ്പോൾ മകൻ സ്ഥലത്തില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് പോയെന്നുമൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നീട് മകനെ ആശുപത്രിയിലാക്കിയെന്നും അത് കഴിഞ്ഞ് ഓടിപ്പോയെന്നുമൊക്കെ പറഞ്ഞൊഴിഞ്ഞു.

മകന് എന്തോ ആപത്ത് സംഭവിച്ചുവെന്ന് സംശയിച്ച അനകമ്മ ഗ്രാമത്തിലെ ചിലരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടി മരിച്ചെന്നും മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് തങ്ങളുടെ ബന്ധുവീടുകൾക്കടുത്ത് കൊണ്ടുപോയി സംസ്കരിച്ചെന്നും പറഞ്ഞത്. ഇതോടെ തൊഴിലുടമയും ഭാര്യയും മകനും അറസ്റ്റിലായി. ഇവർക്കെതിരെ കേസ് രജിസ്റ്റ‍ർ ചെയ്തു. മഞ്ഞപ്പിത്തം കാരണം മരിച്ചെന്നാണ് ഇവർ പറയുന്നത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് സിസിടിവികളിൽ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

പട്ടികജാതിക്കാർക്കെതിരായ അതിക്രമത്തിനും കുട്ടികളെ ചൂഷണം ചെയ്തതിനും ഉൾപ്പെടെ കുറ്റം ചുമത്തിയിട്ടുണ്ട്. തിരുപ്പതിയിൽ നിന്ന് പൊലീസ് കാഞ്ചീപുരത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group