എരിതീയും എണ്ണയും,പരസ്യ ഏറ്റുമുട്ടൽ, സതീശനെതിരെ പടപ്പുറപ്പാട്
തിരുവനന്തപുരം: കെ എസ് യു എന്ന സംഘടനയെ തന്നെ അപ്രസക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് വിലയിരുത്തിയാണ് നേതാക്കളുടെ പ്രതികരണം.ജനങ്ങൾ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ആ രീതിയിൽ പ്രവർത്തിക്കാൻ ഉത്തരവാദിത്തമുണ്ട്. എരിതീയിൽ എണ്ണ ഒഴിക്കാനില്ലെന്ന് പറഞ്ഞ് പാർട്ടിക്കുള്ളിൽ നല്ല തീയുണ്ടെന്ന് വ്യക്തമാക്കുകയാണ് മാത്യു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലെന്ന് കോൺഗ്രസ് വക്താവ് ദീപ്തി മേരി വർഗീസ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും തിരക്കായിരിക്കുമെന്ന് പറഞ്ഞാണ് അതൃപ്തി പരസ്യമാക്കിയത്.എന്നാൽ കെ എസ് യുവും യൂത്ത്കോൺഗ്രസും പരിധിക്കപ്പുറം സംസാരിക്കരുതെന്നാണ് മന്ത്രി എ പി അനിൽകുമാറിൻ്റെ പ്രതികരണം. കെ സി പക്ഷക്കാരനാണെങ്കിലും അനിൽകുമാർ മുഖ്യമന്ത്രിയെ പിന്തുണച്ചത് ശ്രദ്ധേയം. കോൺഗ്രസിൻ്റെ പോഷകസംഘടനകൾ ഭരണവിലാസം സംഘടനകളല്ല. എന്നാൽ അഭിപ്രായം അതിര് വിടാൻ പാടില്ലെന്നും മന്ത്രി. ചില നേതാക്കളുടെ പരസ്യപ്രസ്താനകൾ കെ സി വേണുഗോപാലും പിന്തുണക്കുന്നില്ലെന്നാണ് സൂചന. പരസ്യവിഴുപ്പലക്കലുകൾ പാടില്ലെന്നാണ് കെസിയുടെ നിലപാടെന്ന് ഒപ്പമുള്ളവർ വ്യക്തമാക്കുന്നത്.ഇതിനിടെ മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച കോൺഗ്രസ് വക്താവ് വി ആർ അനൂപിനെ തള്ളി ബിആർഎം ഷഫീർ രംഗത്തെത്തി. പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ? എന്നായിരുന്നു ഷഫീറിൻ്റെ എഫ് ബി പോസ്റ്റ് മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിൻ്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും എന്ന് ചോദിച്ച് സതീശനെ പിന്തുണക്കുകയാണ് ഷെഫീർ.
തീ ആര് കെടുത്തും
കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കത്തിൻ്റെ തുടർച്ചായി നടക്കുന്ന തർക്കം പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നുവെന്ന വിമർശനം പാർട്ടിയിലെ ചിലർക്കുണ്ട്. അതിനാലാണ് ചില തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നതെന്നാണ് വിമർശനം.കെ പി സിസി അധ്യക്ഷൻ മന്ത്രിയായതോടെ പാർട്ടിക്ക് സംവിധാനമില്ലാതായി. പാർട്ടി സർക്കാർ ഏകോപനമുണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇതുവരെയും നടന്നിട്ടില്ല. കെപിസിസിയിൽ നാഥനില്ല. സംഘടനാതലത്തിൽ നിയന്ത്രിക്കാനിളില്ല. സർക്കാരിൻ്റെ മധുവിധു കാലം കഴിഞ്ഞു. പവർകട്ട് ഉൾപ്പടെ ഗുരുതരപ്രതിസന്ധി നേരിടുന്നു. അതിനിടെയാണ് നേതാക്കളുടെ പരസ്യവിഴുപ്പലക്കൽ നിയന്ത്രിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്. അതായത് പുതുയുഗശൈലിയിൽ എന്തും സംഭവിക്കാം.
Post a Comment