Join News @ Iritty Whats App Group

മുതിർന്നവരെ പ്രതി ചേർത്തില്ല, ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികളെന്ന് കുറ്റപത്രം: ഗൂഢാലോചനയിൽ അന്വേഷണം തുടരും

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമ‍ർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. 

കൊല്ലപ്പെട്ട ഷഹബാസിൻ്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാ‍ർത്ഥികളുടെ ബന്ധുക്കളുടെ പങ്കിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തത വരുമെന്ന് കരുതുന്നു.

മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അതിനിടെ പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group