Join News @ Iritty Whats App Group

സുരേഷ് ഗോപി ജീര്‍ണ്ണ മനസിന് ഉടമ, കേരളം മുന്നിലായതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: എംബി രാജേഷ്


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ജീര്‍ണ്ണ മനസിന് ഉടമയായ സുരേഷ് ഗോപിയില്‍നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പ്രസ്താവന പിന്‍വലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും അദ്ദേഹം ചോദിച്ചു.

ഉന്നതകുലത്തില്‍ ജനിക്കാത്തതില്‍ ദുഖിക്കുന്നയാളല്ലേ സുരേഷ് ഗോപിയെന്നും പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു. ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോര്‍ജ് കുര്യന്റെ പ്രസ്താവന. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലായതിന്റെ ശിക്ഷയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേരിടുന്ന അവഗണന. കേരളം മുന്നിലായതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും എംബി രാജേഷ് പറഞ്ഞു.

ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന വിവാദ പ്രസ്താവന സുരേഷ് ഗോപി പിന്‍വലിച്ചിരുന്നു. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും മുഴുവനും കൊടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദയത്തില്‍ നിന്നും വന്ന പ്രസ്താവനയാണെന്നും നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെനന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. എങ്കില്‍ മാത്രമെ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകു എന്നും അത്തരം ജനാധിപത്യമാറ്റങ്ങള്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്‌മണനോ നായിഡുവോ നോക്കട്ടെ ഗോത്രവര്‍ഗങ്ങളുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group