മഴയെത്തുന്നു, ഒപ്പം ഇടിമിന്നലും കാറ്റും, വേണം... ജാഗ്രത;കണ്ണൂരും കാസർകോട്ടും ഇന്ന് യെല്ലോ അലേർട്ട്
കണ്ണൂർ: ജില്ലയില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ജാഗ്രത പാലിക്കണമെന്ന നിർദേശങ്ങളുമായി അധികൃതർ.
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുന്നത് ചൂടിന് ആശ്വാസമാകുമെങ്കിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നല്‍ സാദ്ധ്യത കൂടുതലായതിനാല്‍ വൈദ്യുതി ഉപകരണങ്ങളും മറ്റും കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കണം. മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകള്‍ക്ക് നാശനഷ്ടം സംഭവിക്കാനും സാദ്ധ്യതയുള്ളതിനാല്‍ കാറ്റുള്ള സമയത്ത് ജാഗ്രത വേണം. കടലോര മേഖലകളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും തീരദേശവാസികള്‍ മുൻകരുതലുകള്‍ സ്വീകരിക്കണം. വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നിർദേശങ്ങള്‍ യഥാസമയം നല്‍കുമെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. മഴപെയ്യുന്നില്ലെങ്കിലും കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുൻകരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമണ്.
പ്രധാന മുന്നറിയിപ്പുകള്‍:
1. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നല്‍ സാദ്ധ്യത
2. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റർ വരെ എത്താം
സുരക്ഷാ നിർദേശങ്ങള്‍
1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
2. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക
3. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക
4. വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിഛേദിക്കുക
5. ജനലും വാതിലും അടച്ചിടുക
6. തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക
7. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.
إرسال تعليق