കേളകം: വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ ആറളം മേഖലയില്‍ ആശങ്കയേറി. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ഭീതിയോടെയാണ് ആയിരങ്ങള്‍ കഴിയുന്നത്.
10 വർഷത്തിനിടെ ഫാമിനുള്ളില്‍ മാത്രം കാട്ടാന ആക്രമണങ്ങളില്‍ പൊലിഞ്ഞത് 12 ജീവനാണ്. ആറളം ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും രാപകലില്ലാതെ കാട്ടാനക്കൂട്ടങ്ങള്‍ വിഹരിക്കുകയാണ്. രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളാണ് മതിയായ സുരക്ഷയില്ലാതെ പുനരധിവാസ മേഖലയില്‍ മാത്രം കഴിയുന്നത്.
കഴിഞ്ഞ മാസം 24ന് പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 13ലെ റീന-ശ്രീധരൻ ദമ്ബതികളുടെ കുടില്‍ കാട്ടാന തകർത്തിരുന്നു. ആക്രമണ സമയത്ത് ദമ്ബതികള്‍ ചികിത്സ ആവശ്യാർഥം കണ്ണൂരില്‍ ആയതാണ് രക്ഷയായത്. 27ന് മല്ലിക ജോഷിയുടെ വീട് തകർത്തു. വീട്ടിലുണ്ടായിരുന്ന മല്ലികയും കുട്ടിയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഈ മാസം ഏഴിന് 10ാം ബ്ലോക്കിലെ ഷൈല-കൃഷ്ണൻ ദമ്ബതികളുടെ വീടിന്റെ വാതിലും കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്ന ദമ്ബതികള്‍ ഭയന്നുവിറച്ചാണ് നേരം വെളുപ്പിച്ചത്. മേഖലയില്‍ മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമാണെന്നും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ജനവികാരം സർക്കാറിനെതിരാകുമെന്നും കഴിഞ്ഞ മാസം രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നല്‍കിയിരുന്നു.
മുഴുവൻ ആനകളെയും ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി അതിർത്തിയില്‍ താല്‍ക്കാലിക വൈദ്യുതി വേലി കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി തന്നെ ഇടപെട്ട് ആനമതില്‍ നിർമാണം പുനരാരംഭിച്ചെങ്കിലും ഊർജിതമല്ലെന്നും പരാതിയുണ്ട്. ആറ് വർഷത്തിനിടെ ആറളം ഫാമില്‍ കാട്ടാന നശിപ്പിച്ചത് 15000 കായ്ഫലമുള്ള തെങ്ങുകളും ആയിരക്കണക്കിന് മറ്റ് കാർഷിക വിളകളുമാണ്.
Post a Comment