Join News @ Iritty Whats App Group

നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകി; എംപിയോട് കേന്ദ്രം


ദില്ലി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകി കേന്ദ്ര മന്ത്രി. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. രാജ്യസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. 

നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറ‍ഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമന്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ദില്ലിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി. 

നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് യെമന്‍ എംബസി വ്യക്തമാക്കുന്നത്. കേസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹൂതി നിയമ സംവിധാനങ്ങളാണെന്നാണ് വാര്‍ത്താകുറിപ്പിലെ വിശദീകരണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്‍റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നുും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group