വയനാട്ടില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ വെടിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണാനാകും എന്ന് ചോദിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്റെ ഉദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി പ്രശസ്തിയ്ക്ക് വേണ്ടിയാണോ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും ചോദിച്ചു.
ഇതിന് പുറമേ ഹൈക്കോടതി ഹര്‍ജിക്കാരന് 25,000 രൂപ പിഴയും ചുമത്തി. യുവാവിനെ ആക്രമിച്ചത് ഏത് കടുവയാണെന്ന് കണ്ടെത്തിയിട്ടില്ല. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവയ്ക്കാവൂ. മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. അനിമല്‍ ആന്റ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
അതേ സമയം വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പശുവിന് പുല്ലരിയാന്‍ പോയ വാകേരി സ്വദേശിയായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത്. പുല്ലരിയാന്‍ പോയ യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Post a Comment