Join News @ Iritty Whats App Group

കണ്ണൂരില്‍ ഈവര്‍ഷം എലിപ്പനി കവര്‍ന്നത് 21 ജീവനുകള്‍

കണ്ണൂരില്‍ ഈവര്‍ഷം എലിപ്പനി കവര്‍ന്നത് 21 ജീവനുകള്‍


ണ്ണൂർ: ജില്ലയില്‍ ഈവർഷം ഇതുവരെ എലിപ്പനി ബാധിച്ച്‌ മരണപ്പെട്ടത് 21 പേർ. 250 പേർ രോഗം ബാധിച്ച്‌ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടി.

ഓരോവർഷം കൂടുമ്ബോഴും ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ വർദ്ധനവുണ്ടാകുകയാണ്. എലിപ്പനിക്ക് ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണവും മരണങ്ങളും കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. ജില്ലയില്‍ പേരാവൂർ, ഇരിട്ടി, മുഴക്കുന്ന്, കൊട്ടിയൂർ, ചപ്പാരപ്പടവ്, നടുവില്‍ തുടങ്ങിയ മലയോര മേഖലകളിലാണ് എലിപ്പനി കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ കോർപറേഷൻ പരിധിയില്‍ പുഴാതി, അഴീക്കോട്, എളയാവൂർ, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം 290 പേർക്കും 2023ല്‍ 150 പേർക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

സർക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 11 മാസത്തിനിടെ 5000 ലധികം പോരാണ് എലിപ്പനി ബാധിച്ച്‌ ചികിത്സ തേടിയത്. ഇതില്‍ 356 പേർ മരണപ്പെട്ടു.

സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയില്‍ ഡെങ്കിപ്പനി, ചിക്കൻപോക്സ്, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികള്‍ ബാധിച്ച്‌ മരണപ്പെട്ടത് 1411 പേരാണ്. മഞ്ഞപ്പിത്തം (ഹെപ്പറ്റെറ്റിസ് എ), ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വർധനയാണ് ഓരോ വർഷവുമുണ്ടാകുന്നത്.

4 വർഷം 10,521 എലിപ്പനിബാധിതർ

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാലുവർഷത്തിനിടയില്‍ സംസ്ഥാനത്ത് 10,521 പേർക്കാണ് എലിപ്പനി ബാധിച്ചത്. 2021 ജനുവരി മുതല്‍ 2025 മാർച്ച്‌ വരെയുള്ള സർക്കാരിന്റെ കണക്കാണിത്. 37,138 പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സ തേടിയത്. വയറിളക്കരോഗങ്ങള്‍ ബാധിച്ച്‌ 17,62,594 പേരും മഞ്ഞപ്പിത്തം (ഹെപ്പറ്റെറ്റിസ് എ) ബാധിച്ച്‌ 11,297 പേരും മലേറിയ ബാധിച്ച്‌ 2341 പേരും ചിക്കൻപോക്സ് ബാധിച്ച്‌ 72,303 പേരും വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടി.

എലിപ്പനി ലക്ഷണങ്ങള്‍

മണ്ണിലും എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുമുള്ള ലേപ്റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശക്തമായ തലവേദനയോടും ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങള്‍. പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ചാല്‍ പൂർണമായും രോഗമുക്തി നേടാം. മലിനവെള്ളവുമായോ വൃത്തിഹീനമായ സാഹചര്യങ്ങളിലോ ഇടപഴകാത്ത കിടപ്പുരോഗികള്‍ക്കും ഈവർഷം എലിപ്പനി ബാധിച്ചിട്ടുണ്ട്.

കൈവിടരുത് ജാഗ്രത

1. മലിനജലത്തില്‍ ഇറങ്ങുന്നവരടക്കം ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശത്തില്‍ കഴിക്കണം. ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ കഴിക്കാം.

2. മലിനജലത്തില്‍ ഇറങ്ങുന്നവരും വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി നോക്കുന്നവരും ഷൂസും കൈയുറയും ധരിച്ചാല്‍ എലിപ്പനി പ്രതിരോധിക്കാം

3. നനഞ്ഞ മണ്ണില്‍ ചെരുപ്പിടാതെ നടക്കരുത്. കാലിലെ വിണ്ടുകീറലുകള്‍, ചെറിയ മുറിവുകള്‍ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group