Join News @ Iritty Whats App Group

മതപഠന കേന്ദ്രത്തിലെ മരണം: പെണ്‍കുട്ടി പീഡനത്തിന് ഇരയായി, ആണ്‍ സുഹൃത്ത് അറസ്റ്റില്‍


തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയില്‍ സുപ്രധാന വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെയാണ് (20) പൂന്തുറ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാല്‍ ഹാഷിമിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്താണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണത്തിന് ആറ് മാസം മുമ്പെങ്കിലും പെണ്‍കുട്ടി പീഡനത്തിന് ഇരയാട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഈ മാസം 13 നായിരുന്നു ബലരാമപുരത്തെ മതപഠനശാലയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

മരണത്തിന് പിന്നാലെ മതപഠനശാല നടത്തുന്നവർക്കെതിരെ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പൊലീസ് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പോസ്റ്റുമോർട്ട് റിപ്പോർട്ട് ലഭിക്കുന്നത്. പീഡനം നടന്നുവെന്ന് വ്യക്തമായതോടെ അന്വേഷണം ആ വഴിക്ക് കൂടി വ്യാപിപ്പിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

മതപഠന ശാലയില്‍ എത്തുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് നിഗമനം. ബാലരാമപുരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഹിഷാമിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് പൂന്തുറ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് പെണ്‍കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടി മാനസികമായ പീഡനത്തിനും ഇരയായിട്ടുണ്ടെന്നും പൊലീസ് പറുന്നു. പോക്സോ കേസില്‍ പ്രതിയെ പിടികൂടിയെങ്കിലും ആത്മഹത്യാ പ്രേരണ കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. മതപഠനശാലയ്ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ ആരോപണത്തിലടക്കം വ്യക്തമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസിന് ലഭിച്ച പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്നത് അടക്കമുള്ള ചുരുക്കം വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പീഡനവിവരം ഉള്‍പ്പെടെ കണ്ടെത്തുന്നത്. അതേസമയം, പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്ന വാദത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. നെയ്യാറ്റിന്‍കര എഎസ്പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group