Join News @ Iritty Whats App Group

കാമുകനൊപ്പം പോകാന്‍ എംഡിഎംഎ കേസില്‍ കുടുക്കിയ ഭാര്യയെ ഭര്‍ത്താവ് ജാമ്യത്തില്‍ ഇറക്കി


ഇടുക്കി വണ്ടൻമേട്ടിൽ മുന്‍ പഞ്ചായത്തംഗം കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വഴിതിരിവ്. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിലാണ് ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്നത്. ആസൂത്രണം ചെയ്തത് പോലെ എംഡിഎംഎയുമായി സൗമ്യയുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ മനസിലാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ സൗമ്യയെ ഭർത്താവ് സുനിൽ വർ​ഗീസ് ജാമ്യത്തിലറിക്കയതാണ് കേസില്‍ വഴിത്തിരിവായത്. കുട്ടികൾക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനിൽ വ്യക്തമാക്കുന്നത്. സുനിൽ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിൻ്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവർ പറയുന്നതും.കേരളത്തില്‍ വലിയ ചര്‍ച്ചയായ കേസിലും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളിലുമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും കേസ് മുന്നോട്ട് പോകുമെന്നാണ് വിവരം.

 ഗൾഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം പോകുന്നതിന് വേണ്ടിയായിരുന്നു സൗമ്യ കൃത്യത്തിന് കൂട്ടുനിന്നത്. കേസിൽത്തന്നെ പ്രതിയായ പുറ്റടി സ്വദേശി വിനോദ് സംഭവത്തിനു ശേഷം നാട്ടിലേക്ക് വന്നിട്ടില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് അയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് നോക്കിയിരുന്നതായും വാർത്തകളുണ്ടായിരുന്നു.

ഭർത്താവിനെ മയക്കുമരുന്ന കേസിൽ കുടുക്കാൻ സൗമ്യയും വിനോദും ചേർന്നാണ് പദ്ധതിയിട്ടത്. സൗമ്യയുടെ ഭർത്താവിൻ്റെ ബൈക്കിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സൗമ്യയുടെ ഭർത്താവായ തൊട്ടാപ്പുരയ്ക്കൽ സുനിലിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുവാനാണ് ഇവർ ശ്രമിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനായി ബൈക്കിൻ്റെ ടാങ്ക് കവറിനുള്ളിൽ അഞ്ചുഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് സുനിലിൻ്റെ ബെെക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

2022 ഫെബ്രുവരി 22ന് രാവിലെയാണ് സുനിൽ ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതർക്ക് ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ഡാൻസാഫ് ടീം അദ്ദേഹത്തിൻ്റെ ബൈക്കിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിദേശ നമ്പരിൽ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇക്കാര്യം പറഞ്ഞ് അധികൃതർക്ക് ലഭിച്ചത്. ശബ്ദ സന്ദേശം എത്തിയ നമ്പറിനെക്കുറിച്ചുള്ള അധികൃതരുടെ സംശയമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചതും ഒടുവിൽ സത്യം പുറത്തു കൊണ്ടുവന്നതും.

സുനിൽ വർഗീസിന്റെ ബൈക്കിൽനിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തിൽ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടൻമേട് സി.ഐ. വി.എസ്. നവാസിന്റെ കണ്ടെത്തല്‍. അതിനാൽ തന്നെ സുനിൽ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനമെടുത്തു.

സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തിൽനിന്ന് സമ്മർദങ്ങളുണ്ടായി. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാർഥ്യം വെളിച്ചത്തുവന്നപ്പോഴാണ് കേസിലെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വൻ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തിൽ പുറത്തുവന്നത്.

കസ്റ്റഡിയിലെടുത്തത് മുതൽ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞ് പോലീസിന് മുന്നിൽ കരയുകയായിരുന്നു സുനിൽ വർഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടിൽ നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാൾക്ക് മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയമുണർന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാൽ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കൾ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവർക്കൊന്നും സംഭവത്തിൽ പങ്കില്ലെന്നും വ്യക്തമായി. സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഗൂഡാലോചനയെ കുറിച്ച് വിവരം ലഭിച്ചത്. ഇതിനിടയിൽ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചിരുന്നു.

സൗമ്യ അബ്രഹാം (33), ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഷെഫിൻ (24) എന്നിവരെ കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗമ്യയുടെ കാമുകനായിരുന്ന പുറ്റടി സ്വദേശി വിനോദും (44) കേസിൽ പ്രതിയാണ്.

Post a Comment

أحدث أقدم
Join Our Whats App Group