കാണ്‍പൂര്‍: യുപിയിലെ യത്തീം ഖാനയ്ക്കെതിരെ (മുസ്ലീംഅനാഥാലയം) കേസ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 129 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന യത്തീംഖാനയാണിതെന്നാണ് റിപ്പോര്‍ട്ട്.
ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ നിന്നും ആവശ്യമായ ലൈസന്‍സില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യത്തീംഖാനയുടെ നടത്തിപ്പുകാര്‍ക്കെതിരെ കോളോണല്‍ഗഞ്ച് പോലീസ് കേസെടുത്തത്. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജയ്ദീപ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് നിയമം 2015 അനുസരിച്ചാണ് അനാഥാലയത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അന്‍ജുമാന്‍ യത്തീം ഖാന ഇസ്ലാമിയ അസോസിയേഷന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണ് കേസെടുത്തത്.
മെയ് 21 ന് ജില്ലാ പ്രൊബേഷന്‍ ഓഫീസറും പോലീസും അനാഥാലയത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത 29 പേരെ അനാഥാലയത്തില്‍ സംരക്ഷിക്കുന്നതായി റെയ്ഡില്‍ കണ്ടെത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡില്‍ 42 പേരെയാണ് കണ്ടത്. അതില്‍ 19 പേര്‍ പെണ്‍കുട്ടികളാണ്. 10 ആണ്‍കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അവരുടെ സ്വന്തം വീടുകളിലേയ്ക്ക് അയയ്ക്കാൻ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടികളെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീടുകളിലേക്ക് തിരിച്ചയച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം അനാഥാലയത്തിന്റെ രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് യത്തീം ഖാന ഇസ്ലാമിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അക്തര്‍ ഹുസൈന്‍ പറഞ്ഞു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ശിക്ഷാനടപടിയ്‌ക്കെതിരെയും അനാഥാലയ നടത്തിപ്പുകാര്‍ രംഗത്തെത്തിയിരുന്നു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ജില്ലാ ഭരണകൂടം തങ്ങള്‍ക്ക് ആറ് മാസത്തെ സമയം നല്‍കണമെന്നാണ് നിയമമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അത് പാലിക്കപ്പെട്ടില്ലെന്നുമാണ് യത്തീം ഖാന നടത്തിപ്പുകാരുടെ ആരോപണം.
إرسال تعليق