Join News @ Iritty Whats App Group

ഗാനമേളയ്ക്കിടെ കിണറിന്റെ മുകളിലിട്ട പലക തകർന്ന് വീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്


തിരുവനന്തപുരം: ഉത്സവസ്ഥലത്ത് ഗാനമേളയ്ക്കിടെ നൃത്തംചെയ്യവേ കിണറ്റിൽ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിന് സമീപം ശങ്കർ നഗറിൽ പ്രേംകുമാർ- ലത ദമ്പതികളുടെ മകൻ ഇന്ദ്രജിത്ത് (ജിത്തു- 24) ആണ് മരിച്ചത്. ഇയാളെ രക്ഷിക്കാനിറങ്ങിയ കരുമം മേലാങ്കോട് സ്വദേശി അഖിലിനെ പരിക്കുകളോടെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 11.30 ഓടെ കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിനു മുകളിൽ പലകയിട്ടാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്.

ഇന്ദ്രജിത്തുൾപ്പെടെ പലരും കിണറിനു മുകളിലിട്ടിരുന്ന പലകയ്ക്കു പുറത്തു കയറിനിന്ന് നൃത്തം ചെയ്തു. ഇതിനിടെയാണ് പലക തകർന്ന് കിണറ്റിലേക്കു വീണതെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു. ഇന്ദ്രജിത്ത് കിണറ്റിൽ വീണതറിഞ്ഞ് രക്ഷിക്കാനായി ഇറങ്ങിയതാണ് അഖിൽ.

ആഴമുള്ള കിണറായതിനാൽ അഖിലിന് ശ്വാസതടസ്സമുണ്ടാവുകയും കിണറ്റിനുള്ളിൽ കുടങ്ങുകയും ചെയ്തു. രണ്ടുപേരും കിണറ്റിൽ വീണതറിഞ്ഞ് നാട്ടുകാർ ചെങ്കൽച്ചൂള അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇവരെത്തി യുവാക്കളെ കരയിലെത്തിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.

തമ്പാനൂർ രാജാജി നഗർ ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ കെ പി മധു, രാജശേഖരൻ നായർ, സാജൻ സൈമൺ, ബൈജു എന്നവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Post a Comment

أحدث أقدم
Join Our Whats App Group