Join News @ Iritty Whats App Group

രാജ്യസഭയിലും ചര്‍ച്ചയായി അട്ടപ്പാടിയിലെ ഉയര്‍ന്ന ശിശുമരണ നിരക്ക്



പാലക്കാട്: അട്ടപ്പാടിയിലെ ഉയര്‍ന്ന ശിശു മരണനിരക്ക് സൂക്ഷ്മമായി പരിശോധിക്കുന്നതിന് ഉടന്‍ ദില്ലിയില്‍ നിന്ന് ഉന്നതതല മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ശിശുരോഗവിദഗ്ധനും കേരളത്തിന്റെ ബിജെപി സഹപ്രഭാരിയുമാണ് രാധാമോഹന്‍ദാസ് അഗര്‍വാള്‍. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് അട്ടപ്പാടിയിലെ ശിശുമരണ പ്രശ്‌നം അദ്ദേഹം രാജ്യസഭയില്‍ ഉന്നയിച്ചത്. 

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അട്ടപ്പാടിയില്‍ നിര്‍ഭാഗ്യകരമായ ഈ അവസ്ഥ തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായെടുത്ത് 120 കോടി അനുവദിച്ചിരുന്നു. ഇതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ 250 കോടി ചെലവഴിച്ചിട്ടുമുണ്ട്. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 28 ഉപകേന്ദ്രങ്ങള്‍, അഞ്ച് മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുണ്ടായിട്ടും അട്ടപ്പാടിയില്‍ ശിശു മരണങ്ങള്‍ തുടരുകയാണ്. രാജ്യത്ത് ശിശുമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വര്‍ഷമായി അട്ടപ്പാടി ശിശുമരണ നിരക്ക് വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സര്‍ക്കാരുകള്‍ അനുവദിക്കുന്ന തുക എവിടെ പോകുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. അട്ടപ്പാടിയിലെ മുക്കാലി, താവളം, ജെല്ലിപ്പാറ, കോട്ടത്തറ, നെല്ലിപ്പതി, ഷോളയൂര്‍ തുടങ്ങിയ വനവാസി ഊരുകള്‍ താന്‍ വ്യക്തിപരമായി സന്ദര്‍ശിച്ചിരുന്നതായും മിക്ക സാമൂഹിക അടുക്കളകളും അംഗന്‍വാടി കേന്ദ്രങ്ങളും വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഊരു വാസികള്‍ പരാതിപ്പെട്ടതായും അദ്ദേഹം രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.  

പോഷകാഹാരക്കുറവ് മൂലം ഗര്‍ഭിണികള്‍ മരിക്കുന്ന അവസ്ഥവ വരെ അട്ടപ്പാടിയില്‍ ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉണ്ടായിട്ടും ഇവരെ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് ഷട്ടില്‍സര്‍വീസ് നടത്തേണ്ട ഗതികേടാണ് നിലവിലുള്ളത്. 
ശിശുരോഗ വിദഗ്ധര്‍, ന്യൂട്രീഷ്യന്‍, ബയോ കെമിസ്റ്റ് എന്നിവരുള്‍പ്പെടുന്ന സംഘത്തെ ദില്ലിയില്‍ നിന്ന് അട്ടപ്പാടിയിലേക്കയച്ച് ശിശു മരണങ്ങളുടെ മൂലകാരണം കണ്ടെത്തണമെന്നും അദ്ദേഹം കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group