Join News @ Iritty Whats App Group

പരക്കെ മഴ തുടരാൻ സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു, നാളെയും മഴയെന്ന് പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരാൻ സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. നാളെയോടെ ഇത് ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത. അടുത്ത ദിവസങ്ങളിൽ മറ്റൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കും. മത്സ്യതൊഴിലാളികൾക്കുള്ള വിലക്ക് തുടരുകയാണ്. 

മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കർണാടക - വടക്കൻ കേരളം വഴി അറബിക്കടലിൽ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.

ഇന്ന് രാവിലെ എട്ടര വരെയുള്ള സമയത്ത് തെന്നല, ആലുവ, പരപ്പനങ്ങാടി, വൈന്തല, തുമ്പൂർമുഴ, തവനൂർ എന്നിവിടങ്ങളിലെല്ലാം നൂറ് മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെല്ലാം ഇന്നലെ തുടങ്ങിയ മഴ ഇന്നും ഇടവേളയില്ലാതെ തുടർന്നു.

Post a Comment

أحدث أقدم
Join Our Whats App Group