Join News @ Iritty Whats App Group

‘സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യരാകരുത്’; ഗവര്‍ണറുടെ മുന്നറിയിപ്പ് ചിരിച്ചു തള്ളി മുഖ്യമന്ത്രി


അധിക്ഷേപം നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ് ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആരും ആരേയും വിമര്‍ശിക്കാന്‍ പാടില്ല എന്നൊരു നില സമൂഹത്തില്‍ വരുന്നുണ്ട്.

വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനും അഭിപ്രായം പറയുന്നതിനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ഭരണ ഘടന. നമ്മുടെ രാജ്യം ഫെഡറല്‍ തത്വങ്ങള്‍ പിന്തുടരുന്ന രാജ്യമാണ്. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണറുടെ കര്‍ത്തവ്യവും കടമയും എന്തെല്ലാമാണെന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്,’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഗവര്‍ണറുടെ പൊതുവായ ഉത്തരവാദിത്തം. ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞത് ഗവര്‍ണറുടെ വിവേചന അധികാരങ്ങള്‍ വളരെ ഇടുങ്ങിയതാണെന്നാണ്. ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റണന്റ് ഗവര്‍ണറും തമ്മിലുള്ള കേസില്‍ മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നത് സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുള്ള കാര്യമാണ്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

എനിക്കതില്‍ പറയാനുള്ളത് സമൂഹത്തിന്റെ മുന്നിലാരും പരിഹാസ്യരാകരുത് എന്നുള്ളതാണ്. ഇവിടെ കാര്യങ്ങള്‍ നല്ല നിലയ്ക്ക് പോകണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതിന് അനുസരിച്ചിട്ടുള്ള സമീപനമാണ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group