Join News @ Iritty Whats App Group

കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലെ പോലിസ് റെയ്ഡ് ആര്‍എസ്‌എസ്സിനെ പ്രീതിപ്പെടുത്താന്‍: എസ്ഡിപിഐ




കണ്ണൂര്‍: ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പേരുപറഞ്ഞ് കണ്ണൂര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭീതിപരത്തി പോലിസ് നടത്തുന്ന റെയ്ഡ് ആര്‍എസ്‌എസ്സിനെ പ്രീതിപ്പെടുത്താനുള്ള ഉന്നത നിര്‍ദേശത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് സംസ്ഥാനത്തും പ്രത്യേകിച്ച്‌ കണ്ണൂരിലും ആദ്യ സംഭവമല്ല. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത് ഖേദകരമാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ സിപിഎം ആര്‍എസ്‌എസ് നടത്തിയ ഹര്‍ത്താലുകളില്‍ കോടികളുടെ നാശ നഷ്ടങ്ങളാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ചാവശ്ശേരിയില്‍ ബസ് കത്തിച്ച്‌ മനുഷ്യരെ ജീവനോടെ ചുട്ടു കൊന്നത്.

പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ത്താല്‍ കണ്ണുര്‍ ജില്ലയില്‍ കലാപത്തിന്റെ പ്രതീതിയുണ്ടാക്കി. ഇത്തരം അക്രമങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ നേതൃത്വം നല്‍കിയവരാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിന്റെ പേരില്‍ ഒരു സമൂഹത്തെ വേട്ടയാടുന്നത്. ഹര്‍ത്താല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സിപിഎം ജില്ലാ സെക്രട്ടറി വ്യാപക അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിച്ചത് തന്നെ ഉന്നതതല ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്. ലാവലിന്‍ കേസ് പരിഗണക്കാനിരിക്കെ ആര്‍എസ്‌എസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള വ്യഗ്രതയിലാണ് മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി റെയ്ഡ് നടത്തിയതെന്ന് വ്യക്തമാണ്.

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണോ അതോ പോലിസിലെ ഉന്നത സ്ഥാനത്തുള്ള ആര്‍എസ്‌എസ്സുകാരാണോ ഇതിന് നിര്‍ദേശം നല്‍കിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി വെളിപ്പെടുത്തണം. മുസ്‌ലിംകളുടെ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ആര്‍എസ്‌എസ് അജണ്ടയ്ക്ക് കേരളാ പോലിസും സിപിഎമ്മും വളംവെച്ച്‌ കൊടുക്കുകയാണ്. ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടാനും സ്ഥാപനങ്ങളെ തകര്‍ക്കാനുമാണ് ലക്ഷ്യമിടുന്നത്. പോലിസ് നടപടി ധ്രുവീകരണത്തിന് ആക്കം കൂട്ടുകയാണ് ചെയുക. നിരപരാധികളെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group