Join News @ Iritty Whats App Group

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ചരിത്രശേഷിപ്പുകൾ കണ്ടെത്തി സൂക്ഷിക്കുന്നതിനായി പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു

ഇരിട്ടി: കോട്ടയം രാജകുടുംബത്തിന്റെയും വീര കേരളവർമ്മ പഴശ്ശിരാജാവിന്റെയും ആരാധ്യ ദേവത കുടികൊള്ളുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ചരിത്രശേഷിപ്പുകൾ കണ്ടെത്തി സൂക്ഷിക്കുന്നതിനായി പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. ഇതിനായി മൂന്നുകോടിയുടെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായി. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തുവാൻ ശ്രമം തുടങ്ങിയതായി ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രദേശികമായി വ്യക്തികളുടേയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമയി ബന്ധപ്പെട്ടതുമായ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ സർക്കാറിലേക്ക് സമർപ്പിക്കും.
  തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മലബാർ ദേവസ്വം ബോർഡാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം നിർമ്മിക്കുന്നത്. ഇതിനായുള്ള കെട്ടിട നിർമ്മാണം പൂർത്തിയായി. കഥകളിയുടെ ഉത്ഭവസ്ഥാനം ഇവിടമാണെന്നാണ് ചരിത്രം പറയുന്നത്. കഥകളി എവിടെ അവതരിപ്പിച്ചാലും മൃദംഗ ശൈലേശ്വരിയായ ശ്രീപോർക്കലിയെ സ്തുതിക്കുന്ന വന്ദനാശ്ലോകം ചൊല്ലിയാണ് തുടങ്ങുന്നത് എന്നത് തന്നെ ഈ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിനാൽത്തന്നെ കോട്ടയം രാജകുടുംബത്തിന്റെ ആരുഢക്ഷേത്രമായ മുഴക്കുന്ന് പോർക്കലി ഭഗവതിയും പഴശ്ശിരാജാവും കഥകളിയുടെ ഉത്ഭവവും എല്ലാം മ്യൂസിയത്തിന്റെ ഭാഗമാകും. ഇത്തരം ശേഷിപ്പുകൾ കണ്ടെത്തുന്നതിനും അവയുടെ ചരിത്ര മൂല്യം നിർണ്ണയിക്കുന്നതിനും വിദഗ്ത സമിതിയേയും രൂപവത്ക്കരിച്ചു. മ്യുസിയത്തിനോടനുബന്ധിച്ച് പൗരാണികമായ കുളവും കല്ലുപാകി നവീകരിച്ചു. 
 ബ്രിട്ടീഷുകാർ ഏറെ വേട്ടയാടപ്പെട്ട ഒരു നാട്ടുരാജാവായിരുന്നു വീര കേരളവർമ്മ പഴശ്ശിരാജ. ബ്രിട്റെസുകാരുമായുള്ള അദ്ദേഹത്തിൻറെ ചേര്ത്തു നിൽപ്പുകൾ ഒന്നാണ് സ്വാതന്ത്ര്യ സമരമായാണ് പരിഗണിക്കപ്പെടുന്നത്. പ്രാദേശികമായി ലഭിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ പ്രാചീന പുസ്തകങ്ങൾ, ബ്രിട്ടിഷുകാരുടെ മലബാർ പടയോട്ടത്തെ ചെറുത്തുനിന്ന പഴശ്ശിരാജാവിന്റെയും കോവിലകത്തെയും വിവരങ്ങളടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും മൃദഗംശൈലേശ്വരി ക്ഷേത്രത്തിന്റെ പൗരാണികത വിവരിക്കുന്ന വസ്തുക്കളും കണ്ടെത്തുകയാണ് ലക്ഷ്യം. ചരിത്രശേഷിപ്പുകൾ കൈമാറുന്നവരുടെ കുടുംബ പേരുകൾ ഇതോടൊപ്പം ആ ലേഖനം ചെയ്യും. ഇത്തരം ചരിത്രശേഷിപ്പുകൾ കൈവശമുള്ളവർ വിവരശേഖരണ കമ്മിറ്റിയുമായി ബന്ധപ്പെടണം എന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. 
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ, പ്രശസ്ത ചിത്രകാരനും ഫോക്‌ലോറിസ്റ്റുമായ കെ .കെ. മാരാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, മുൻ മട്ടന്നൂർ നഗരസഭ ചെയർമാൻ ഭാസ്‌കരൻ മാസ്റ്റർ, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ ചെയർമാൻ ടി.സി. സുധി, അസിസ്റ്റൻറ് കമ്മീഷണർ എൻ.കെ. ബൈജു, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്, ടി. പ്രസന്ന , കെ. കെ. രാമചന്ദ്രൻ, എം. കെ. മനോഹരൻ, മുരളി മുഴക്കുന്ന്, സിനി രാമദാസ് , സതീശൻ തില്ലങ്കേരി, വിനോദ് കുമാർ, ശ്രീനിവാസൻ തുടങ്ങിയവരും സംബന്ധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group