Join News @ Iritty Whats App Group

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; ഗുരുതര വൃക്കരോഗം ബാധിച്ചു, എട്ടുമാസം നീണ്ട ചികിത്സ; ദുരനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കൊടത്തൂര്‍

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; ഗുരുതര വൃക്കരോഗം ബാധിച്ചു, എട്ടുമാസം നീണ്ട ചികിത്സ; ദുരനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കൊടത്തൂര്‍


മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച മലപ്പുറം സ്വദേശിയായ 17കാരിയുടെ വാർത്തയ്‌ക്ക് പിന്നാലെ സമാനമായ ദുരനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കൊടത്തൂർ.

പത്തുവർഷം മുമ്പ് ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് തനിക്കും മെംബ്രനസ് നെഫ്രോപതി എന്ന ഗുരുതര വൃക്കരോഗം ബാധിച്ചിരുന്നുവെന്നാണ് സലീം കൊടത്തൂർ വെളിപ്പെടുത്തിയത്. ഏകദേശം എട്ടുമാസം നീണ്ട ചികിത്സയ്‌ക്കുശേഷമാണ് രോഗം ഭേദമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

കാസർകോട്ടുള്ള സുഹൃത്ത് വഴിയാണ് പത്തുവർഷം മുമ്പ് ക്രീം ലഭിച്ചത്. ഒന്നര ബോട്ടിലോളം ക്രീം ഉപയോഗിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ ചർമത്തിന്റെ നിറത്തില്‍ കാര്യമായ മാറ്റമുണ്ടായി. എന്നാല്‍ ഒന്നര മാസത്തിനുശേഷം മൂത്രത്തില്‍ അണുബാധ അനുഭവപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ആന്റിബയോട്ടിക് നല്‍കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അണുബാധയുണ്ടായി. ഒന്നര മാസത്തോളം തുടർച്ചയായി ആശുപത്രികളുമായി ബന്ധപ്പെടേണ്ടിവന്നു.

പിന്നീട് കണ്ണിന്റെ കണ്‍പോളകളിലും കാലുകളിലും നീരുണ്ടായി. മൂത്രത്തില്‍ അമിതമായി പത കാണപ്പെടുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ടെന്നും മൂത്രത്തില്‍ ആല്‍ബുമിൻ ത്രീ പ്ലസ് ആണെന്നും കണ്ടെത്തിയത്. നെഫ്രോളജിസ്റ്റിനെ സമീപിച്ചതോടെയാണ് രോഗത്തിന്റെ ഗൗരവം മനസ്സിലായത്. വൃക്ക തകരാറിലാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നല്‍കിയതായി സലീം കൊടത്തൂർ പറഞ്ഞു.

തുടർന്ന് വൃക്കയില്‍നിന്ന് സാമ്പിളെടുത്ത് നടത്തിയ ബയോപ്സിയിലാണ് മെംബ്രനസ് നെഫ്രോപതി സ്ഥിരീകരിച്ചത്. ചികിത്സ ആരംഭിച്ചിട്ടും രോഗം മൂർച്ഛിച്ചു. ആല്‍ബുമിന്റെ അളവ് ത്രീ പ്ലസില്‍നിന്ന് പത്ത് പ്ലസിലേക്ക് ഉയർന്നു. മരുന്നുകള്‍ ഫലിക്കാത്ത സാഹചര്യത്തില്‍ ഡോക്ടറുടെ നിർദേശപ്രകാരം സ്റ്റിറോയിഡ് ചികിത്സ ആരംഭിച്ചു. എറണാകുളം സണ്‍റൈസ് ആശുപത്രിയില്‍ എല്ലാ മാസവും മൂന്ന് ദിവസം വീതം ചികിത്സയ്‌ക്കായി പ്രവേശിപ്പിക്കേണ്ടിവന്നു.

ചികിത്സയുടെ ഭാഗമായി അണുബാധ ഒഴിവാക്കാൻ കേടായ നിരവധി പല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. ശാരീരികമായും മാനസികമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ക്രീം ഉപയോഗിച്ച്‌ ലഭിച്ച നിറത്തേക്കാള്‍ ഇരട്ടിയായി മുഖം കരുവാളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം എട്ടുമാസത്തെ ചികിത്സയ്‌ക്കുശേഷമാണ് രോഗം പൂർണമായും ഭേദമായത്. ദീർഘകാലം മരുന്ന് കഴിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും രോഗം ഭേദമായത് അവർക്ക് പോലും അത്ഭുതമായിരുന്നുവെന്നും സലീം കൊടത്തൂർ വെളിപ്പെടുത്തി.

രോഗം ഭേദമായെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. കരിയറില്‍ ഒരു വർഷത്തോളം പരിപാടികള്‍ ഒഴിവാക്കേണ്ടിവന്നു. കടുത്ത ക്ഷീണവും ഉറക്കമില്ലായ്മയും തുടരുന്നു. പപ്പടം, അച്ചാർ, സോഡ തുടങ്ങിയവ ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. വേദനസംഹാരികള്‍ പോലും ആവശ്യസമയത്ത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മൂക്കിലെ ശസ്ത്രക്രിയകള്‍ക്കുശേഷം വേദനസംഹാരികള്‍ ഉപയോഗിക്കാൻ കഴിയാതിരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും വ്യക്തമാക്കി.

തനിക്കൊപ്പം ക്രീം ഉപയോഗിച്ച നാല് സുഹൃത്തുക്കളില്‍ ഒരാള്‍ക്കും സമാനമായ രോഗം ബാധിച്ചിരുന്നുവെന്ന് സലീം കൊടത്തൂർ പറഞ്ഞു. അന്ന് നടത്തിയ രക്തപരിശോധനയില്‍ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. താൻ ഉപയോഗിച്ച ക്രീം പിന്നീട് പേര് മാറ്റി പലരും വില്‍പ്പന നടത്തിയതായും ആരോപിച്ചു.

സൗന്ദര്യവർധക ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ കണ്ട് ആകൃഷ്ടരായി ക്രീമുകള്‍ വാങ്ങി ഉപയോഗിക്കരുതെന്നാണ് സലീം കൊടത്തൂരിന്റെ മുന്നറിയിപ്പ്. ചർമത്തിന് നിറവ്യത്യാസമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ വിദഗ്ധ ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച്‌ ചികിത്സ തേടണം. താൻ അനുഭവിച്ച ദുരിതം മറ്റാർക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group