Join News @ Iritty Whats App Group

'പിന്നിൽ 80 വ്യാജ അക്കൗണ്ടുകൾ'; കെ സിക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും പരാതി, അന്വേഷണം ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്

'പിന്നിൽ 80 വ്യാജ അക്കൗണ്ടുകൾ'; കെ സിക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും പരാതി, അന്വേഷണം ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്


തിരുവനന്തപുരം: കോൺഗ്രസിൽ സൈബർ പോര് രൂക്ഷമായതിനിടെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. 80 വ്യാജ അക്കൗണ്ടുകൾ വഴിയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് വീണ്ടും പരാതി നൽകിയത്.

മുമ്പ് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ വിമർശനം ഉന്നയിച്ച ദീപ്തി മേരി വർഗീസ്, സമഗ്രമായ സൈബർ അനേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. കെ സിയെ ലക്ഷ്യമിടുന്ന അക്കൗണ്ടുകളുടെ പരസ്പര ബന്ധം അന്വേഷിക്കണമെന്നും പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം 80 അക്കൗണ്ടുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അക്കൗണ്ടുകൾ നീക്കാൻ മെറ്റയോട് ആവശ്യപ്പെടണമെന്നാണ് ആവശ്യം.

നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാമും കെ സിക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതിന് ശേഷമാണ് സൈബർ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് മുമ്പാകെ വീണ്ടും പരാതി എത്തിയിരിക്കുന്നത്. കെ സി ഗ്രൂപ്പ് ആലോചിച്ച് തീരുമാനമെടുത്തത് പ്രകാരമാണ് പുതിയ പരാതി.

Post a Comment

Previous Post Next Post
Join Our Whats App Group