Join News @ Iritty Whats App Group

കൊച്ചിയിലേക്ക് പാറ്റപ്പട! 'ജന്തര്‍ മന്തര്‍' മാതൃകയില്‍ സമരം; നവംബര്‍ 7-ന് രാജേന്ദ്ര മൈതാനത്ത് പ്രതിഷേധവുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി

കൊച്ചിയിലേക്ക് പാറ്റപ്പട! 'ജന്തര്‍ മന്തര്‍' മാതൃകയില്‍ സമരം; നവംബര്‍ 7-ന് രാജേന്ദ്ര മൈതാനത്ത് പ്രതിഷേധവുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി


പാറ്റകളുടെ പേരില്‍ ശ്രദ്ധ നേടിയ കോക്രോച്ച്‌ ജനതാ പാർട്ടി ഇനി കേരളത്തിലും പ്രതിഷേധത്തിനൊരുങ്ങുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിയായ എസ്.ഐ.ആറിനെതിരെ കൊച്ചിയില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.

ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതിന് നേതാക്കള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കേരളത്തില്‍ പുതിയ പ്രതിഷേധ പരിപാടിയുമായി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.

നവംബർ 7 ശനിയാഴ്ച വൈകുന്നേരം നാലിന് കൊച്ചിയിലെ രാജേന്ദ്ര മൈതാനത്താണ് പ്രതിഷേധം നടക്കുക. ‘ജനാധിപത്യം സംരക്ഷിക്കുക, എസ്.ഐ.ആർ റദ്ദാക്കുക’ എന്ന മുദ്രാവാക്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗത്ത് സോണ്‍ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവർ പ്രതിഷേധത്തില്‍ പങ്കെടുക്കും. ‘ജന്തർ മന്തർ @ കൊച്ചി’ എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.

കഴിഞ്ഞ മാസം ഡല്‍ഹിയിലെ ജന്തർ മന്തറില്‍ ഗ്യാനേഷ് കുമാറിനെതിരെയും എസ്.ഐ.ആർ നടപടിക്കെതിരെയും അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ദിപ്കെയെയും അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ജന്തർ മന്തറിലെ പ്രതിഷേധ വേദിയുടെ ഔദ്യോഗിക പദവി സർക്കാർ പിൻവലിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷമുള്ള സംഘടനയുടെ ആദ്യത്തെ പ്രധാന പ്രതിഷേധ നീക്കമാണ് കൊച്ചിയിലേത്.

ഡല്‍ഹിയില്‍ ആരംഭിച്ച എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമായാണ് കൊച്ചിയിലെ പരിപാടി വിലയിരുത്തപ്പെടുന്നത്. വോട്ടർ പട്ടിക പരിഷ്കരണ നടപടിക്കെതിരായ തങ്ങളുടെ നിലപാട് പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് കോക്രോച്ച്‌ ജനതാ പാർട്ടിയുടെ ലക്ഷ്യം. ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ എത്രത്തോളം ജനപങ്കാളിത്തമുണ്ടാകുമെന്നാണ് ഇനി ശ്രദ്ധേയം.

Post a Comment

أحدث أقدم
Join Our Whats App Group