പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന് ഒന്നാം പ്രതി, കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണയം നടത്തിയിട്ടില്ല; 7 മൊഴി തള്ളി അന്വേഷണസംഘം
പിഎസ്‌സി പരീക്ഷാ തട്ടിപ്പ് അന്വേഷണത്തിൽ നിർണായക മൊഴിയുമായി കേസിലെ ഒന്നാം പ്രതിയും ഡെപ്യൂട്ടി സെക്രട്ടറിയുമായ സതീഷ്. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണയം താൻ നടത്തിയിട്ടില്ലെന്നും കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നുമാണ് സതീഷ് അന്വേഷണസംഘത്തോട് പറഞ്ഞത്. തന്റെ കീഴിലുള്ള ജൂനിയർ ഉദ്യോഗസ്ഥരാണ് മൂല്യനിർണയം നടത്തിയിരുന്നതെന്നും അവസാന ഘട്ടത്തിൽ മാത്രമാണ് തന്നെ വിവരങ്ങൾ അറിയിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകി. എന്നാൽ സതീഷിന്റെ വാദം അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല.
സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും ഓരോ കാര്യത്തിലും പലതവണ പരിശോധന നടത്തിയ ശേഷമാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും മറ്റ് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതും സതീഷിന്റെ മൊഴിയും തമ്മിലുള്ള വൈരുധ്യമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന വാദം സതീഷ് ഉയർത്തിയത്.
സതീഷിന്റെ കമ്പ്യൂട്ടർ പരിജ്ഞാനം പരിശോധിക്കാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. മൂല്യനിർണയത്തിൽ തനിക്ക് പങ്കില്ലെന്ന സതീഷിന്റെ വാദം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള നടപടികളിൽ സതീഷിന്റെ പങ്ക് വ്യക്തമാക്കുന്നതാകും തുടർ അന്വേഷണം.
إرسال تعليق