Join News @ Iritty Whats App Group

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവർ 23,714 പേർ, അന്വേഷണം; ബുക്കിങ്ങിൽ ആധാർ-ഒടിപി നിർബന്ധമാക്കാൻ നീക്കം

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവർ 23,714 പേർ, അന്വേഷണം; ബുക്കിങ്ങിൽ ആധാർ-ഒടിപി നിർബന്ധമാക്കാൻ നീക്കം


വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും ശബരിമലയിൽ ദർശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നു. ബുക്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് പമ്പ പൊലീസ് ദേവസ്വം ബോർഡിന് കത്ത് നൽകി. ദേവസ്വം വിജിലൻസും സൈബർ ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മാത്രം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താതിരുന്നത് 23,714 പേരാണ്.

ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താതിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ബുക്കിങ്ങിലെ അസ്വാഭാവികതകൾ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അതേസമയം, വെർച്വൽ ക്യൂ സംവിധാനത്തിലെ ദുരൂഹതകൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. ബുക്ക് ചെയ്തിട്ടും എത്താത്തവർക്ക് ഈ മണ്ഡലകാലത്ത് തുടർബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനും നീക്കമുണ്ട്. പുതിയ സംവിധാനത്തിൽ ആധാർ മാത്രമായിരിക്കും ബുക്കിങ്ങിനുള്ള ആധികാരിക തിരിച്ചറിയൽ രേഖ. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒടിപി പരിശോധനയും നിർബന്ധമാക്കും. വിദേശികൾക്ക് മാത്രമായിരിക്കും പാസ്‌പോർട്ട് ഉപയോഗിച്ച് ബുക്ക് ചെയ്യാൻ അനുമതി. ഡിസംബറിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് നീക്കം.

അതിനിടെ, ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യ ആറുദിവസം 5.10 ലക്ഷം പേർ ദർശനത്തിനെത്തിയപ്പോൾ ഇത്തവണ എത്തിയത് 2.71 ലക്ഷം പേർ മാത്രമാണ്. 2.38 ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിൽ 47 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

അരവണ വിൽപ്പനയിലും സമാനമായ കുറവുണ്ടായി. കഴിഞ്ഞ വർഷം ആദ്യ ദിവസങ്ങളിൽ 18 ലക്ഷം ടിൻ അരവണ വിറ്റപ്പോൾ ഇത്തവണ വിൽപ്പന ഒൻപത് ലക്ഷമായി കുറഞ്ഞു. ഇതോടെ ഏകദേശം ഒൻപത് കോടിയുടെ വരുമാനക്കുറവുണ്ടായെന്നാണ് കണക്ക്. നടവരവ്, അപ്പം വിൽപ്പന, അന്നദാന ഫണ്ട് എന്നിവയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group