കറണ്ടുപോയതിനു സസ്പെൻഷനിലായ കെഎസ്ഇബി സബ് എൻജിനീയർക്കെതിരായ നടപടി പിൻവലിക്കും വരെ സമരം; പ്രതിഷേധം ശക്തമാക്കി ജീവനക്കാർ
കണ്ണൂർ: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കെഎസ്ഇബി ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. സസ്പെൻഷൻ നടപടി പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ജീവനക്കാർ അറിയിക്കുന്നത്.
ശനിയാഴ്ച രാവിലെ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി സണ്ണി ജോസഫ് വേദിയിലെത്തിയതിന് പിന്നാലെയാണ് വൈദ്യുതി നിലച്ച സംഭവമുണ്ടായത്. തുടർന്ന് ജനറേറ്റർ എത്തിച്ചാണ് പരിപാടി തുടർന്നത്.
മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ചടങ്ങിൽ അധ്യക്ഷനായിരുന്ന കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകയതോടെയാണ് സംഭവം വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൂർ സെക്ഷൻ സബ് എൻജിനീയറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
തീപിടിച്ച എ.ബി സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ലൈൻ ഓഫാക്കിയതെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ വിശദീകരിക്കുന്നത്. മന്ത്രിയുടെ പരിപാടിയുടെ വിവരം സെക്ഷൻ ഓഫീസിൽ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും വസ്തുതകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കുകയാണെന്നുമാണ് അവരുടെ വാദം.
എംഎൽഎയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടിയെടുത്തതെന്നും ഇത് അന്വേഷണവിധേയമായുള്ള താൽക്കാലിക നടപടി മാത്രമാണെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
إرسال تعليق