ഇറാനെതിരായ സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക; 22 സ്ഥാപനങ്ങൾക്കും എട്ട് വ്യക്തികൾക്കും വിലക്ക്, മധ്യപൂർവേഷ്യയിൽ പുതിയ സംഘർഷമുണ്ടാകരുതെന്ന് ഖത്തർ
ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ആഗോള ഷാഡോ ബാങ്കിങ് ശൃംഖലകൾ തകർക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ തടയുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും ഭരണകൂടം കടുത്ത പ്രതിസന്ധിയിലാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇറാന്റെ സാമ്പത്തിക സംവിധാനത്തിന്റെ അവസാനത്തെ ആശ്രയമാണ് ഷാഡോ ബാങ്കിങ് ശൃംഖലകളെന്നും ഇത്തരം നിയമവിരുദ്ധ ഇടപാടുകൾക്കെതിരായ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു സംഘർഷം താങ്ങാനുള്ള ശേഷി മധ്യപൂർവേഷ്യയ്ക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. ഇറാൻ വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ ഇടപെടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്കിൽ ഉടൻ സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉപരോധങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയും വ്യക്തമാക്കി. അമേരിക്ക സൃഷ്ടിച്ചിരിക്കുന്ന യുദ്ധമില്ല, സമാധാനവുമില്ല എന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫും ആവശ്യപ്പെട്ടു.
إرسال تعليق