Join News @ Iritty Whats App Group

‘ഇടതുകാലത്തെ ചെറിയ വിഷയം പോലും പർവ്വതീകരിച്ച് കാണിച്ചു, അന്ന് വിമർശിച്ചവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്’; കെ കെ ശൈലജ

‘ഇടതുകാലത്തെ ചെറിയ വിഷയം പോലും പർവ്വതീകരിച്ച് കാണിച്ചു, അന്ന് വിമർശിച്ചവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്’; കെ കെ ശൈലജ


കോതമംഗലത്ത് പെരുമ്പാവൂർ സ്വദേശിയായ ഹൃദ്രോഗിക്ക് ചികിത്സ വൈകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് ചികിത്സാനിഷേധവും ആരോഗ്യപ്രവർത്തകരുടെ അലംഭാവവും ആവർത്തിക്കുന്നതായും ഇത്തരം സംഭവങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഇടതുസർക്കാരിന്റെ കാലത്ത് ചെറിയ വിഷയങ്ങൾ പോലും പർവതീകരിച്ച് വിമർശിച്ചവർ ഇപ്പോൾ കേരളം ഭരിക്കുമ്പോൾ ആരോഗ്യരംഗത്തെ ഗുരുതരമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും കെ.കെ. ശൈലജ വിമർശിച്ചു.

ആരോഗ്യമേഖലയെ തകർക്കുന്ന നടപടികളാണ് നിലവിൽ നടക്കുന്നതെന്ന് ആരോപിച്ച അവർ, കിഫ്ബിയെ വിമർശിച്ചുകൊണ്ട് ആശുപത്രികൾക്ക് അനുവദിച്ചിരുന്ന ഫണ്ടുകൾ തടഞ്ഞുവെച്ചതായും കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനുപകരം സ്വകാര്യ മേഖലയെ വളർത്താനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നതെന്ന വിമർശനവും അവർ ഉന്നയിച്ചു. ആശുപത്രികളിലെ ചികിത്സാ അലംഭാവം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായി ഇടപെടണം. ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ രോഗികൾക്ക് ഒരുക്കിക്കൊടുക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.

പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർഥികളുടെ വിഷയത്തിലും കെ.കെ. ശൈലജ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. ഇടതുസർക്കാർ അധികാരത്തിലിരുന്നപ്പോൾ സമരക്കാരോട് അലംഭാവം കാട്ടിയിട്ടില്ലെന്നും സമരപ്പന്തലിലെത്തി അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ അന്ന് സമരപ്പന്തലിലെത്തിയിരുന്നവർ ഇപ്പോൾ അവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും വിമർശിച്ചു. ഇടതുഭരണകാലത്താണ് പി.എസ്.സി. വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നതെന്നും സമരക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group