Join News @ Iritty Whats App Group

പ്രിയ വർഗീസിന്റെ നിയമനക്കേസ്; സുപ്രീംകോടതി വിധി പറയാൻ മാറ്റി, യോഗ്യതാ വിവരങ്ങൾ നൽകാൻ നിർദേശം

പ്രിയ വർഗീസിന്റെ നിയമനക്കേസ്; സുപ്രീംകോടതി വിധി പറയാൻ മാറ്റി, യോഗ്യതാ വിവരങ്ങൾ നൽകാൻ നിർദേശം


കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട പ്രിയ വർഗീസ് കേസിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളിലെ വാദം പൂർത്തിയായി. പ്രിയ വർഗീസിനോട് യോഗ്യതാ വിവരങ്ങൾ പട്ടികയായി നൽകാനും ഹർജിക്കാരനായ ഡോ. ജോസഫ് സ്കറിയയോട് ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു.

അധ്യാപന ചുമതലകൾ നിർവഹിച്ചുകൊണ്ടുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകുമെന്ന നിരീക്ഷണം വാദത്തിനിടെ സുപ്രീംകോടതി നടത്തിയിരുന്നു. സർവീസിലിരിക്കെ അവധിയെടുക്കാതെ ഗവേഷണം നടത്തുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യവും കോടതി വാക്കാൽ പരാമർശിച്ചു. എന്നാൽ, ഇതുസംബന്ധിച്ച അന്തിമ നിലപാട് വിധിയിലാകും വ്യക്തമാകുക.

പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയാണ് യു.ജി.സിയും ഡോ. ജോസഫ് സ്കറിയയും സുപ്രീംകോടതിയെ സമീപിച്ചത്. ഗവേഷണകാലവും ഡെപ്യൂട്ടേഷൻ കാലവും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നാണ് യു.ജി.സിയുടെ പ്രധാന വാദം. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ പാലിക്കണമെന്നാണ് കണ്ണൂർ സർവകലാശാലയും കോടതിയിൽ വ്യക്തമാക്കിയത്.

സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലിയും ഹാജരായി. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനും ഹാജരായി. കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധി ഇനി നിർണായകമാകും.

Post a Comment

Previous Post Next Post
Join Our Whats App Group