Join News @ Iritty Whats App Group

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; എല്ലുപരിശോധനയിൽ കുടുങ്ങി കോരുത്തോട് സ്കൂൾ താരം

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; എല്ലുപരിശോധനയിൽ കുടുങ്ങി കോരുത്തോട് സ്കൂൾ താരം


സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. 14 വയസ്സിൽ താഴെയുള്ളവർ മത്സരിക്കുന്ന വിഭാഗത്തിലാണ് താരം പങ്കെടുത്തത്. എന്നാൽ മെഡിക്കൽ കോളജിൽ നടത്തിയ എല്ലുപരിശോധനയിൽ താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടാകാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഉത്തർപ്രദേശിൽനിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാർ കാർഡുകളുണ്ടെന്ന ആരോപണവുമായി കോതമംഗലം മാർ ബേസിൽ, ഐഡിയൽ സ്കൂളുകളാണ് പരാതി നൽകിയത്. പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ മാർ ബേസിൽ സ്കൂൾ അധ്യാപിക ഷിബി മാത്യു പ്രതികരിച്ചു. മത്സരിച്ച മറ്റ് കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോൾ വിഷമമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായ സർക്കാരിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് ഇനങ്ങളിലും പ്രായത്തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ഇനങ്ങളിൽ മത്സരിച്ച താരങ്ങളുടെയും പ്രായം പരിശോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കായികമേളയിൽ ഒരേ വിഭാഗത്തിൽ മത്സരിക്കുന്ന കുട്ടികൾക്ക് തുല്യമായ അവസരം ഉറപ്പാക്കുന്നതിന് പ്രായപരിശോധന കർശനമാക്കണമെന്ന ആവശ്യവും സംഭവത്തോടെ ശക്തമായിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group