വല്ലാത്തൊരു കള്ളൻ തന്നെ...! വടകരയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി പൊലീസുകാരനോട് തന്നെ വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ കുടുങ്ങിയത് സിനിമാ സ്റ്റൈലില്‍
പയ്യന്നൂർ: മോഷ്ടിച്ച ബൈക്കുമായി വന്ന് നേരെ പൊലീസുകാരനോടു തന്നെ വഴി ചോദിച്ച ഇതരസംസ്ഥാനക്കാരൻ സിനിമാ സ്റ്റൈലില്‍ പിടിയില്‍.
വ്യാഴാഴ്ച രാത്രി 8 മണിയോടെ വെള്ളൂർ കൊട്ടണച്ചരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വടകരയില്‍ നിന്ന് രണ്ട് ദിവസം മുൻപ് മോഷണം പോയ ബൈക്കുമായാണ് പ്രതി പൊലീസുകാരന്റെ മുന്നില്‍പ്പെട്ടത്.കാസർകോട് പൊലീസുകാരനായ പെരളത്തെ സുനീഷിനോടാണ് ബൈക്കിലെത്തിയ യുവാവ് ഹിന്ദിയില്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിച്ചത്. വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ സുനീഷിന് ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും പന്തികേടു തോന്നി. ബൈക്ക് കടന്നുപോയ ഉടൻതന്നെ സുനീഷ് നമ്പർ കാസർകോട് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനായ രജനീഷിന് കൈമാറി പരിശോധന നടത്തി.
പരിശോധനയിലാണ് ഈ നമ്പർ രണ്ട് ദിവസം മുൻപ് വടകരയില്‍ നിന്ന് മോഷണം പോയ വാഹനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചത്.വിവരം ലഭിച്ചയുടൻ സുനീഷ് തന്റെ ബൈക്കില്‍ പ്രതിയെ പിന്തുടരുകയും ചെറുവത്തൂരില്‍ വെച്ച് സാഹസികമായി പിടികൂടുകയുമായിരുന്നു. തുടർന്ന് പ്രതിയെയും മോഷ്ടിച്ച ബൈക്കും ചന്തേര പോലീസ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിന് കൈമാറി.
Post a Comment