Join News @ Iritty Whats App Group

മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്; ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റി

മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്; ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റി


ആലപ്പുഴ: മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പാർട്ടിയിലെ പുതിയ റോൾ. ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു. നിയമസഭയിലേക്ക് സീറ്റ് ലഭിക്കാത്തവർക്കാണ് പുതുതായി പദവികൾ നൽകിയത്.

നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ശ്യാം സുന്ദറിനാണ് പുതിയ പദവി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും, അഖിലേന്ത്യ നേതൃതലത്തിലും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിൽ വിഭാഗീയത് ശക്തമായിരുന്ന 2009 ലാണ് ലീഗിലെത്തിയത്. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും, പത്തനംതിട്ട ജില്ലയുടെ ചുമതലയോടെ ലീഗ് സെക്രട്ടേറിയേറ്റിലും പ്രവർത്തിച്ചു. മതേതരമല്ലാത്ത ഒന്നും ലീഗിൽ നിന്നുണ്ടായിട്ടില്ലെന്നും, തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ശ്യാം സുന്ദർ  പറഞ്ഞു.

ദളിത് നേതാവ് യുസി രാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും. പാർട്ടി നേരത്തെ എടുത്ത ഒരാൾക്ക് ഒരു നയം ലീഗ് സംസ്ഥാന നേതൃത്വത്തിലും നടപ്പിലാക്കി. എംഎൽഎ, മന്ത്രി, അടക്കം സ്റ്റാറ്റ്യൂട്ടറി പദവികളിലെത്തിയവരെയെല്ലാം കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. മന്ത്രിമാരായ കെ.എം ഷാജിക്കും, എൻ ഷംസുദ്ദീനും സെക്രട്ടറി പദവി ഒഴിഞ്ഞു. വി അബ്ദുൾ ​ഗഫൂർ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു.

എംഎൽഎമാരായതോടെ ആബിദ് ഉസൈൻ തങ്ങൾ, പാറക്കൽ അബ്ദുല്ല, കോഴിക്കോട് പ്രസിഡന്റ് എംഎ റസാഖ് മാസ്റ്റർ, കാസർകോട് പ്രസിഡന്റ് എന്നിവർക്കും സ്ഥാനം നഷ്ടമായി. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായവർക്കാണ് പകരം പദവി നൽകിയത്. വള്ളിക്കുന്ന് മുൻ എംഎൽഎ പി അബ്ദുൽ ഹമീദിന് സംസ്ഥാന വൈസ് പ്രസിഡന്റായും കാസർകോട് മുൻ എംഎൽഎ എൻഎ നെല്ലിക്കുന്നിനെ ജില്ലാ പ്രസിഡന്റായും നിയമിച്ചു. എംഎൽഎമാരായിരുന്ന പി ഉബൈദുല്ല സംസ്ഥാന സെക്രട്ടറിയായും, എം ഉമ്മർ മലപ്പുറം ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. ഇത്തവണ സീറ്റ് കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ടിടി ഇസ്മായിലാണ് ഇനി കോഴിക്കോട് ജില്ലാ പ്രസിഡന്റ്. സൂപ്പി നരിക്കാട്ടീരിയെ ജില്ലാ ജനറൽ സെക്രട്ടറിയായും നിയമിച്ചു. അഷ്റഫ് മൂപ്പനാണ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി.

Post a Comment

أحدث أقدم
Join Our Whats App Group