Join News @ Iritty Whats App Group

അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; മുസ്‌ലിം ലീഗിനും കെപിസിസിയിലും അതൃപ്തി

അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; മുസ്‌ലിം ലീഗിനും കെപിസിസിയിലും അതൃപ്തി


യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ മുസ്‌ലിം ലീഗിനും കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫിനും അതൃപ്തി. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണിയിൽ ആവശ്യമായ കൂടിയാലോചന ഉണ്ടായില്ലെന്ന അടൂർ പ്രകാശിന്റെ വിമർശനത്തോടാണ് ലീഗ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത്.

അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലുമാണെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം എം.കെ. മുനീറിന് നൽകാൻ നേരത്തെ ധാരണയുണ്ടായിരുന്നുവെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ വ്യത്യസ്ത നിലപാടുമായി പരസ്യമായി രംഗത്തെത്തിയത് ശരിയായില്ലെന്നും ലീഗ് നേതാക്കൾ വിലയിരുത്തുന്നു. ഇതിനിടെ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങി.

അടൂർ പ്രകാശിന്റെ വിമർശനത്തിൽ കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫിനും കടുത്ത അതൃപ്തിയുണ്ട്. പരാതികളുണ്ടെങ്കിൽ പാർട്ടി വേദിയിൽ ഉന്നയിക്കേണ്ടതായിരുന്നുവെന്നും പരസ്യ വിമർശനത്തിന് ഇന്നലെ തെരഞ്ഞെടുത്തത് ശരിയായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ഓഫീസിൽവെച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത് ഉചിതമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെച്ചൊല്ലി അടൂർ പ്രകാശ് തുടർച്ചയായി പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിനിടെയാണ് ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെയും കെപിസിസി നേതൃത്വത്തിന്റെയും അതൃപ്തി പുറത്തുവരുന്നത്. ഇതോടെ വിഷയത്തിൽ കോൺഗ്രസിലും യുഡിഎഫിലും ആഭ്യന്തര ചർച്ചകൾ കൂടുതൽ ശക്തമാകുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group