ഓപ്പറേഷന്‍ കണ്ണൂര്‍ മഖ്ന വിജയം; ആറളത്തെ വിറപ്പിച്ച മോഴയാനയെ മയക്കുവെടി വച്ച് പിടികൂടി.
ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളെ വര്‍ഷങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎം-1 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളും.
'ഓപ്പറേഷന്‍ കണ്ണൂര്‍ മഖ്ന' എന്ന പേരില്‍ നടത്തിയ ദൗത്യത്തിനൊടുവിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടിയത്. ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 11 മണിയോടെയാണ് 100ലേറെ പേര്‍ അടങ്ങുന്ന ദൗത്യസംഘം മോഴയ്ക്ക് ആദ്യ മയക്കുവെടി നല്‍കിയത്.
നേരത്തേ വളയംചാലില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിയേറ്റ മോഴയെ താങ്ങിനിര്‍ത്തി പുറത്തെത്തിക്കാനുള്ള ശ്രമം ദൗത്യസംഘം തുടരുകയാണ്. റോഡില്‍നിന്ന് ഏകദേശം 300 മീറ്റര്‍ അകത്തുള്ള വനമ്പ്രദേശത്തു വച്ചാണ് മോഴയെ മയക്കുവെടിവെച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുതിയ റോഡ് നിര്‍മ്മിച്ച് ആനയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ശക്തമായ മഴ ദൗത്യം ദുഷ്‌ക്കരമാക്കിയെങ്കിലും ആനയെ പുറത്തെത്തിച്ച് വയനാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്.
മുത്തങ്ങയില്‍ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിലാണ് കണ്ണൂര്‍ മഖ്‌നയെ താമസിപ്പിക്കുക. ആനയുടെ ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് മേഖലയിലെ വനത്തില്‍ തുറന്നുവിടാനാണ് പദ്ധതി.
ആനയെ പിടികൂടിയ പ്രദേശത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ബുധനാഴ്ച മുതല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആറളത്തെ ആര്‍ആര്‍ടിക്കു പുറമെ, വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നുമുള്ള ആര്‍ആര്‍ടികളും മുതിര്‍ന്ന വനം, റവന്യൂ, പോലിസ് വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടെ നൂറിലേറെ പേര്‍ അടങ്ങിയതാണ് ദൗത്യസംഘം.
കണ്ണൂര്‍ ഡിഎഫ്ഒ കെ സജി, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീശന്‍, ആറളം സിഐ ടി കെ ഷീജു, എസ്എച്ച്ഒ എന്‍ ബിബിന്‍, ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജി ജോണ്‍, കൊട്ടിയൂര്‍ റെയിഞ്ചര്‍ ടി. നിഥിന്‍രാജ്, കണ്ണവം റെയിഞ്ചര്‍ സുധീര്‍ നരോത്ത്, ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യാ രാഘവന്‍ തുടങ്ങിയവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കി.
Post a Comment