Join News @ Iritty Whats App Group

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മരിച്ചവരുടെ വീടുകളിലെത്തി പോലീസ് മൊഴിയെടുക്കും

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മരിച്ചവരുടെ വീടുകളിലെത്തി പോലീസ് മൊഴിയെടുക്കും


കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ കാർ അപകടത്തില്‍പ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം മരിച്ചവരുടെ വീടുകളിലെത്തി മൊഴിയെടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക പോലീസ് സംഘം ഇന്ന് (ഒക്ടോബർ 20) വയനാട്ടിലുള്ള ദേവികയുടെ വീട്ടിലെത്തും. തുടർന്നുള്ള ദിവസങ്ങളില്‍ സുള്ള്യയിലും പാലക്കാട്ടുമുള്ള മറ്റുള്ളവരുടെ വീടുകളിലുമെത്തി മൊഴി രേഖപ്പെടുത്തും. അതിനിടെ, അപകടത്തിന് മുൻപ് പ്രതി സുഹൈല്‍ അമിതവേഗതയില്‍ മിനി കൂപ്പർ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ നിർണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ വാഹനം ഓടിച്ച സുഹൈല്‍ സജീവ്, സഹയാത്രികരായ നിനവ്, ജോയല്‍, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രക്തപരിശോധനയില്‍ സുഹൈല്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, ഒപ്പമുണ്ടായിരുന്ന സഹയാത്രികർ സുഹൈലിനെ തടയാൻ ശ്രമിച്ചില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. അപകടസമയത്തെ വേഗത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനിരിക്കെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന നിരീക്ഷണത്തില്‍, പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന വാദം തള്ളിയാണ് കോടതി നടപടി.

അപകടം നടന്ന വിമാനത്താവള റോഡില്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടത്തിയിരുന്നു. റോഡിന്റെ നിർമ്മാണത്തിലോ ഡിസൈനിലോ ഉള്ള തരാറുകള്‍ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ്, സിയാല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയില്‍ പങ്കാളികളായി. റോഡില്‍ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പറുകള്‍ വ്യക്തമായി പതിയുന്ന ക്യാമറകള്‍ സ്ഥാപിക്കണമെന്നും പോലീസ് സിയാലിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group