‘വൈദേകവുമായി ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇ പി ജയരാജൻ
വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും എസ്.എൻ. ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന അനന്തരവൻ ശ്യാംജിത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രതികരണം. ആരോപണം ഉന്നയിച്ച ശ്യാംജിത്തിനെതിരെ താനും ഭാര്യയും പരാതി നൽകുമെന്നും ജയരാജൻ വ്യക്തമാക്കി.
ശ്യാംജിത്ത് നിരവധി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും ബന്ധുവായതിനാലാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. വൈദേകം റിസോർട്ടിന്റെ പിആർഒ എന്ന പേരിൽ കാർഡ് അച്ചടിച്ച് ശ്യാംജിത്ത് പണം വാങ്ങിയെന്നും ഇയാൾക്ക് എല്ലാ സഹായങ്ങളും നൽകി ഉയർത്തിക്കൊണ്ടുവന്നത് താനാണെന്നും ജയരാജൻ പറഞ്ഞു. അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നും ഇത് കുടുംബപ്രശ്നമല്ല, കുടുംബത്തിനുള്ളിലെ വിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണങ്ങൾ സംപ്രേഷണം ചെയ്ത റിപ്പോർട്ടർ ടിവിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ അറിയിച്ചു. ചാനൽ തെമ്മാടിത്തരമാണ് കാണിക്കുന്നതെന്നും കുടുംബം തകർക്കാനുള്ള ശ്യാംജിത്തിന്റെ ശ്രമങ്ങൾക്ക് ചാനൽ കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടർ ടിവിക്കെതിരെ താനും ഭാര്യയും പ്രസ് കൗൺസിലിൽ പരാതി നൽകുമെന്നും ജയരാജൻ വ്യക്തമാക്കി.
Post a Comment