ചലാനുകള്‍ അടച്ചുതീര്‍ക്കാനുണ്ടോ? പോക്കറ്റ് കാലിയാകുമെന്ന് ഭയന്നവര്‍ക്ക് ആശ്വാസം; ഇനി പകുതി പണം മാത്രം നല്‍കിയാല്‍ മതി, വൻ പ്രഖ്യാപനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വൻ ഇളവുമായി സർക്കാർ. കെട്ടിക്കിടക്കുന്ന ഇ-ചെല്ലാനുകള്‍ തീർപ്പാക്കുന്നതിനായി 'ഇ-ചെല്ലാൻ ആംനസ്റ്റി പദ്ധതി'ക്ക് ഉത്തരവിറങ്ങി.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെല്ലാൻ പിഴകളില്‍ 50 ശതമാനം ഇളവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മാർച്ച് 31-നോ അതിനു മുമ്പോ ലഭിച്ചതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ പിഴ കുടിശ്ശിക കിടക്കുന്ന സാഹചര്യത്തിലാണ് ഈ ആശ്വാസ നടപടി. 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഒരുകോടിയിലധികം (1,00,22,255) ഇ-ചെല്ലാനുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിലൂടെ 907 കോടിയിലധികം രൂപ (9,07,74,86,813 രൂപ) പിഴയിനത്തില്‍ സർക്കാരിലേക്ക് ഈടാക്കാനുണ്ട്. വൻ തുക പിഴയായി വരുന്നത് വാഹന ഉടമകള്‍ തുക അടയ്ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും, ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് റിന്യൂവല്‍ എന്നിവ തടസ്സപ്പെടാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.
ഇളവ് അനുവദിച്ച ശേഷമുള്ള തുക വരുന്ന നവംബർ ഒന്നു മുതല്‍ അടുത്ത ജനുവരി 31 വരെ അടച്ചുതീർക്കാവുന്നതാണ്. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ക്ലെയിമുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കും. എന്നാല്‍ 2026 മാർച്ച് 31-ന് ശേഷം ലഭിച്ച പുതിയ ഇ-ചെല്ലാനുകള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചെല്ലാനുകളില്‍ കൃത്യമായി പിഴ ഈടാക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Post a Comment