Join News @ Iritty Whats App Group

അടൂർ പ്രകാശിൻ്റെ പരാതി : സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും, ഹൈക്കമാൻഡ് നേതൃത്വത്തിൽ ചർച്ചയ്ക്ക് സാധ്യത

അടൂർ പ്രകാശിൻ്റെ പരാതി : സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും, ഹൈക്കമാൻഡ് നേതൃത്വത്തിൽ ചർച്ചയ്ക്ക് സാധ്യത


ദില്ലി : കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന. ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും. ഈ വിഷയത്തിൽ ചർച്ച നടക്കാനാണ് സാധ്യത. ഈ സംവിധാനം വേണമെന്ന് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേൽ മുഖ്യമന്ത്രിയുടെ നിലപാടും തേടും. അടൂർപ്രകാശിൻ്റെ നീക്കത്തിൽ വിഡി പക്ഷം കടുത്ത അതൃപ്തിയിലാണ്.

സതീശനെതിരെ കടുത്ത നിലപാട് തുടര്‍ന്ന് അടൂര്‍ പ്രകാശ്

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടരുകയാണ് അടൂര്‍ പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും. മുന്നണി കൺവീനറുടെ പരാതിയിൽ ഹൈക്കമാൻ‍ഡിനെ നിലപാട് അറിയിച്ചേക്കും. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദില്ലിയിൽ തുടരുകയാണ്. ദില്ലിയിലുള്ള മുഖ്യമന്ത്രിയും അടൂര്‍ പ്രകാശിനെതിരെ മറുനീക്കങ്ങള്‍ നടത്തിയേക്കാം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് ദില്ലിയില്‍ തുടരാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

നിലവിലെ കെപിസിസി പ്രസിഡന്റും സംസ്ഥാന വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും ദില്ലിയിലെത്തി മല്ലികാർജുൻ ഖാർഗെയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ പരാതി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും, പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ നേതാക്കൾ പരസ്യമായി പറയരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം മന്ത്രിസ്ഥാനം ഏറ്റെടുത്തതിനാൽ പൂർണ്ണസമയ കെപിസിസി അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവും നിലവിലുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെത്തിയിട്ടുണ്ട്. പരസ്യവിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ പാർട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നടപടി വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന ക്യാമ്പ്. ഐയുഎംഎൽ നേതാവ് എം.കെ. മുനീർ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ എന്നിവർക്ക് കാബിനറ്റ് പദവിയോടെയുള്ള രാഷ്ട്രീയ നിയമനങ്ങൾ നൽകിയതുൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, യുഡിഎഫിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമാണ് അടൂർ പ്രകാശിന്റെ ആക്ഷേപം.

Post a Comment

أحدث أقدم
Join Our Whats App Group