ശബരിമല നെയ്യ് ക്രമക്കേടിൽ പങ്കാളിയായ വ്യാപാരി വീണ്ടും ടെൻഡർ നൽകി; പുതിയ ടെൻഡർ വിളിക്കാൻ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ പങ്കാളിയായ വ്യാപാരി വീണ്ടും ടെൻഡറുമായി രംഗത്ത്. കുറഞ്ഞ തുക ടെൻഡറിൽ ക്വോട്ട് ചെയ്തു. ആരോപണ വിധേയനായതിനാൽ ടെൻഡർ റദ്ദാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കും.
കഴിഞ്ഞ മണ്ഡല - മകര വിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ രണ്ടര കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് നിഗമനം. ഈ കേസിൽ കരാറുകാരൻ എസ് എസ് ബിനുവിനെയും ദേവസ്വം ജീവനക്കാരൻ ജയലാലിനെയും അറസ്റ്റ് ചെയ്തിരുന്നു. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനാണ് ജയലാൽ. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. നേരെത്തെ പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിൻ്റെ മൊഴിലാണ് പുതിയ അറസ്റ്റ്.
ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി ബിന്ദു കൃഷ്ണ നൽകിയ മറുപടിയിൽ പറയുന്നത് 75.5 ലക്ഷം രൂപയുടെ നഷ്ടം മിൽമയ്ക്ക് ഉണ്ടായി എന്നാണ്. മിൽമ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ്യ് ലിറ്ററിന് 510 രൂപക്ക് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post a Comment