സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഈ മാസം 25 ന് കോഴിക്കോട്ട് തുടക്കമാകും, മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും; സമാപനത്തിന് ആഭ്യന്തര മന്ത്രി മുഖ്യാതിഥി
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 25 നാണ് 7 ദിവസം നീണ്ടുനിൽക്കുന്ന കായികമേളക്ക് മുഖ്യമന്ത്രി തിരികൊളുത്തുക. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ ഐ ടിയിൽ എത്തിച്ചേരും. ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിർവഹിക്കുക. സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഇന്ന് സംഘാടക സമിതി അവലോകന യോഗം ചേർന്നാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 25 മുതൽ 31 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക.
വേദിമാറ്റത്തിൽ വിവാദം
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസം 2026 ൽ കണ്ണൂരായിരിക്കുമെന്നാണ് അന്നതെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പതാകയും ഏറ്റുവാങ്ങി. എന്നാൽ പിന്നീട് അധികാരമേറ്റ യു ഡി എഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. കായികമേളക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നെന്നും വേദിമാറ്റം കണ്ണൂരിനെ നിരാശപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചിരുന്നു. വേദിമാറ്റം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടില്ലെന്നും ആദ്യം വാർത്തകളുണ്ടായിരുന്നു. എന്നാൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്നായിരുന്നു പിന്നീട് എൻ ഷംസുദ്ദീൻ ഉറപ്പ് നൽകിയത്. അതേസമയം കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് വേദിമാറ്റം വേണ്ടിവന്നതെന്നാണ് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കിയത്. എൻ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ സംവിധാനവും കണ്ണൂരിലേതിനേക്കാൾ കോഴിക്കോടാണെന്നും ജനീഷ് അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും അടുത്ത തവണത്തെ വേദിയാകാം എന്ന പ്രതീക്ഷയിലാണ് കണ്ണൂർ.
Post a Comment